രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കി, ഗവർണർ നടത്തിയത് ഭരണഘടനാലംഘനം; രൂക്ഷ വിമ‍ർശനവുമായി മന്ത്രി

Published : Jun 19, 2025, 04:12 PM ISTUpdated : Jun 19, 2025, 04:15 PM IST
rajbhavan sivankutty

Synopsis

രാജ്ഭവനിലെ ചടങ്ങിൽ ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക വേദിയെ രാഷ്ട്രീയവൽക്കരിച്ചുവെന്നും ഭരണഘടനയുടെ മതനിരപേക്ഷതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും മന്ത്രിയുടെ വിമർശനം. 

തിരുവനന്തപുരം: രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണ്. അതുപോലെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം, സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതായത്, ഗവർണർ ഭരണഘടനാ തലവനെന്ന നിലയിൽ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതൽ മാന്യതയും പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണെന്നും മന്ത്രി.

എന്നാൽ, ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക വേദിയെ ഒരു രാഷ്ട്രീയ സന്ദേശ വേദിയാക്കുകയും, ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും മതനിരപേക്ഷതയെയും ചേർത്തുനിർത്തുന്ന ആശയത്തെ ഒരൊറ്റ ചിത്രം കൊണ്ടു ഇല്ലാതാക്കിയത്‌ ഗവർണറുടെ ഔദ്യോഗികമായ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ എന്ന ആശയത്തെ മതപരമായ ചേരുവകൾ ചേർത്ത് ദേശീയതയെ ഒരു പ്രത്യേക കാഴ്ചപ്പാടിലേക്കുള്ള ഹിന്ദുത്വ ഭാവത്തിന് കീഴ്പ്പെടുത്തുന്ന ശ്രമമാണ് നടന്നത്. ഇന്ത്യയുടെ ദേശീയതയുടെ സുവ്യക്തമായ മതനിരപേക്ഷ സ്വഭാവം ഭരണഘടനയുടെ ആർട്ടിക്കിൾ 51A(e) വ്യക്തമാക്കുന്നുണ്ട്. അതിൽ മറ്റുള്ളവരെ ആദരിക്കുന്നതും സാംസ്കാരിക സമഗ്രതയെ സംരക്ഷിക്കുന്നതും വ്യക്തമായി പറയുന്നുണ്ട്. മന്ത്രി എന്ന നിലയിൽ കൈക്കൊണ്ട നടപടി പ്രോട്ടോക്കോൾ ലംഘനം അല്ല; മറിച്ച്, ഭരണഘടനാപരമായ മാന്യതയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയുള്ള പ്രതിഷേധമായിരുന്നു അത്.

ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടി ഏന്തിയ വനിതയേയും, മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ 'ദേശീയത' എന്ന ആശയത്തെ വ്യക്തിപരമോ പാർട്ടിപരമോ ആക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി. അതിനാൽ, ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കു മുൻപിൽ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ ഗവർണർ പെരുമാറിയത് തീർത്തും തെറ്റാണ്. അതിനെതിരെ ഗൗരവമായി പ്രതികരിച്ച മന്ത്രിയുടെ നിലപാട് ഭരണഘടനയ്ക്ക് നൽകുന്ന ബഹുമാനമാണെന്നും മന്ത്രിയുടെ പ്രതികരണം.

ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാൻ പ്രതിബദ്ധതയുള്ള സർക്കാരാണ് കേരളത്തിൽ ഭരണത്തിലിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്നത്തെ സംഭവത്തിൽ മന്ത്രിയുടെ നിലപാട്, അത് അപമാനമല്ല, മറിച്ച് ഭരണഘടനയെ സംരക്ഷിക്കുന്ന കടമയാണ്.

ഈ ഭാരതാംബ സങ്കല്പമെന്താണ്? ഇന്ത്യ എന്ന രാജ്യത്തിന്റെ അതിർത്തികളെ ഈ സങ്കല്പം ബഹുമാനിക്കുന്നുണ്ടോ? ഭരണഘടനയുടെ ഏതെങ്കിലും ഭാഗത്ത് ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടോ? ഭരണഘടനയാണോ വലുത് കാവിക്കൊടി ഏന്തിയ വനിതയാണോ വലുത്? തുടങ്ങിയ ചോദ്യങ്ങളും മന്ത്രി ചോദിച്ചു. ഒരു സർക്കാർ പരിപാടിയിൽ ഇത്തരമൊരു പൂജ നടത്തിയിലൂടെ ഗവർണർ ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തത്. വിദ്യാർത്ഥികൾക്ക് മുമ്പിൽ ഗവർണർ സ്വയം അപമാനിതനായി. ഭരണഘടനാ തലവൻ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'