
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയതറിഞ്ഞ് ഞെട്ടിത്തരിച്ച് സൗമ്യയുടെ അമ്മ സുമത. തൻ്റെ ശരീരം വിറയ്ക്കുന്നുവെന്നും എത്രയും പെട്ടെന്ന് അവനെ പിടിക്കണമെന്നും അവർ പ്രതികരിച്ചു. പുറത്ത് നിന്ന് സഹായം ലഭിക്കാതെ ജയിൽ ചാടാൻ കഴിയില്ലെന്നും ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും സുമതി കുറ്റപ്പെടുത്തി.
അമ്മയുടെ പ്രതികരണം ഇങ്ങനെ
'ഞാനിതാ ഇപ്പഴാണ് അറിഞ്ഞത്. വീട്ടിൽ ടിവിയില്ല. ഇത്രയും വലിയ ജയിൽ ഇവനെങ്ങനെ ചാടി? അതിന് സഹായം ലഭിച്ചിരിക്കുമല്ലോ. എത്രയും പെട്ടെന്ന് ഇവനെ പിടിക്കണം. ജയിൽ അധികൃതർ വിവരം അറിയാൻ വൈകിയത് കുറ്റകരം. ഒറു പെൺകുട്ടിയെ പിച്ചിച്ചീന്തിയവനാണ്. ശരീരം വിറച്ചിട്ട് എനിക്കൊന്നും വയ്യ. എത്രയും പെട്ടെന്ന് തന്നെ അവനെ പിടിക്കട്ടെ. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ജയിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായി'
കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസിൽ വധശിക്ഷ ഇളവ് ചെയ്തതോടെ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഇന്ന് പുലർച്ചെ സെല്ലിലെ അഴികൾ മുറിച്ച് എടുത്ത്, പിന്നീട് അലക്കാൻ വെച്ച തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ കയർ ഉപയോഗിച്ച് മതിലിന് മുകളിലൂടെ ചാടിയാണ് ഇയാൾ പുറത്ത് കടന്നത്. ഇയാൾക്ക് ജയിലിന് പുറത്ത് നിന്ന് സഹായം ലഭിച്ചിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെ സെൽ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഇയാൾ ജയിലിൽ ഇല്ലെന്ന് മനസിലായിരുന്നു. എന്നാൽ വിവരം പൊലീസിനെ അറിയിച്ചത് രണ്ട് മണിക്കൂർ വൈകി ഏഴ് മണിയോടെ മാത്രമാണ്.