
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. നിലവിൽ കണ്ണൂർ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുരുതര കുറ്റകൃത്യമായതിനാലും ജയിൽ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലുമാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഡിജിപി അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയത്.
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ജയിലിലെ സ്ഥിരം പ്രശ്നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാൻ ഇടയില്ലെന്നാണ് ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗോവിന്ദചാമി ജയിൽ ചാടിയത് ആരുടെയും സഹായമില്ലാതെയാണ്. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാന് പോലും ഈ കൈ കൊണ്ട് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.
സെല്ലിൽ തുണി എങ്ങനെ എത്തി എന്നതിലാണ് പിന്നെയും ആശയക്കുഴപ്പം നിലനിൽക്കുന്നത്. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത്. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകൾ ഉപയോഗിച്ചു. ഒരു വീപ്പ നേപത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിച്ചു.
ജയില്‍ അഴികൾ മുറിച്ചതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എത്ര ദിവസം കൊണ്ട്,ഏത് ആയുധം ഉപയോഗിച്ച് എന്നത് ശാസത്രീയമായി കണ്ടെത്തണം. അരം പോലുള്ള ഉപകരണം ഇയാളിൽ നിന്ന് കണ്ടെടുത്തെങ്കിലും ഇത് ഉപയോഗിച്ച് മുറിക്കാന് ഏറെ കാലമെടുക്കും എന്ന സംശയം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തെ നടുക്കിയ സൗമ്യ കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടുംകുറ്റവാളി ജയിൽ ചാടിയതിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam