
കൊച്ചി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഹൈന്ദവീയം ഫൗണ്ടേഷനാണ് അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് എൻഎസ്എസ് അറിയിച്ചു. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എൻഎസ്എസിൻ്റെ തീരുമാനം. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്യുകയായിരുന്നു. നേരത്തെ, ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ എൻഎൻഎസ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞിരുന്നു.