സർക്കാർ വഴങ്ങി! പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ഒപ്പിട്ടു

Published : Feb 17, 2022, 06:41 PM ISTUpdated : Feb 17, 2022, 06:45 PM IST
സർക്കാർ വഴങ്ങി! പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ഒപ്പിട്ടു

Synopsis

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര കൂടിക്കാഴ്ചകൾ നടത്തുകയാണ്. മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നു

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര കൂടിക്കാഴ്ചകൾ നടത്തുകയാണ്. മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നു. എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരും ഉണ്ട്. അടിയന്തിര കൂടിയാലോചനകൾ നടക്കുന്നുണ്ട്.

പൊതുഭരണ സെക്രട്ടറിയായ കെആർ ജ്യോതി ലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സർക്കാർ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവർണ്ണാറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. 

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക്  അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സർക്കാർ അഭിമുഖീകരിച്ചത്. നേരത്തെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു. 

പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ശീതസമരം അവസാനിപ്പിച്ചത്. ഈ അടുത്ത് ജന്മഭൂമി മുൻ എഡിറ്ററെ എതിർപ്പ് പരസ്യമാക്കി തന്നെ ഗവർണറുടെ പി.ആർ.ഒ ആയി സർക്കാർ നിയമിച്ചിരുന്നു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫർക്കും മന്ത്രിസഭായോഗം സ്ഥിരം നിയമനം നൽകിയിരുന്നു. കൊടുത്തും വാങ്ങിയും സർക്കാരും ഗവർണറും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

നയപ്രഖ്യാപന പ്രസംഗത്തിനായി നാളെ ഗവർണർ നിയമസഭയിൽ എത്തിയില്ലെങ്കിൽ അസാധാരണ പ്രതിസന്ധിയിലേക്കാവും കാര്യങ്ങൾ എത്തുക. രാജ്യത്തിൻ്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നിരിക്കെ നാളെ നിയമസഭയിൽ ഗവർണർ എത്തിയില്ലെങ്കിൽ പുതിയ പ്രതിസന്ധിയിലേക്കാവും സംസ്ഥാനം എത്തുക. 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി