ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം, സഭ വിളിച്ചു ചേർത്തത് നന്നായി: ഗവർണർ

By Web TeamFirst Published Aug 11, 2022, 9:03 PM IST
Highlights

ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും താനതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏറെ ഓർഡിനൻസുകൾ ഒരുമിച്ച് വന്നതുകൊണ്ടാണ് ഒപ്പിടാതിരുന്നത്. ഓർഡിനൻസുകൾക്ക് എതിരെ ഉയർന്ന വിമർശനങ്ങങ്ങളും ഒപ്പിടാതിരുന്നതിന് കാരണമാണ്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും താനതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഇനി ഈ ഓർഡിനൻസുകൾ സഭയുടെ മേശപ്പുറത്ത് വരുമെന്നും അതാണ് ശരിയായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഒരു പരാതിയല്ല, ഒട്ടേറെ പരാതികൾ ഉയർന്നു. കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനങ്ങൾ പതിവായിരിക്കുകയാണ്. സർവകലാശാലയിലെ പ്രശ്നങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. കിട്ടിയാലുടൻ നടപടിയെടുക്കും. കണ്ണൂർ സർവകലാശാലയെ നശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന് തിരുവനന്തപുരത്തെ ആദിവാസി ഊരുകളിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സർക്കാർ അയച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതിരുന്നതോടെ ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാരിന്റെ ഇതിനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു. ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ ഗവർണർ സർക്കാരിന് തിരിച്ചു നൽകി.

ബിൽ തയ്യാറാക്കാനാണ് ഓർഡിനൻസുകൾ മടക്കി നൽകിയത്. ഗവർണറുടെ കടും പിടുത്തത്തെ തുടർന്ന് അസാധുവായ ഓ‌ർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കാൻ നീക്കം തുടങ്ങിയത്.  ഓ‌ർഡിനൻസ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവൻ സർക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓർഡിനൻസ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബിൽ കൊണ്ടുവരാൻ സഭ ചേരാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകീട്ട് ഗവർണർ അംഗീകരിച്ചത്.

click me!