
തിരുവനന്തപുരം : കെ എസ് ആർ ടി സി യിലെ പ്രതിസന്ധിയിൽ സർക്കാർ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചർച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്സിൽ ചേരുന്ന ചർച്ചയിൽ ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും പങ്കെടുക്കും. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വരാനുള്ള നീക്കം എതിര്‍ക്കുമെന്നാണ് യൂണിയനുകളുടെ നിലപാട്
കെ എസ് ആർ ടി സി യിലെ സാമ്പത്തിക ഞെരുക്കവും തുടർന്നുള്ള പ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. ജൂലൈ മാസത്തെ ശമ്പള വിതരണം പേരിന് തുടങ്ങിയതേയുള്ളൂ. 90% തൊഴിലാളികളും ശമ്പളം കാത്ത് ഇരിക്കുകയാണ്. ഓണം ബോണസടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെൻ്റിനേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. അതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും കെ എസ് ആർ ടി സി എം ഡിയെയും അംഗീകൃത തൊഴിലാളി യൂണിയൻ നേതാക്കളെയും ചർയ്ക്ക് വിളിച്ചത്.
ശമ്പള വിതരണം, ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കൊണ്ടുവരുന്ന പരിഷ്കരണങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നുണ്ട് എങ്കിലും ഡ്യൂട്ടി പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയ്യാറല്ല. 8 മണിക്കൂര്‍ എന്നതിനു പകരം 12 മണിക്കൂര്‍ ആക്കാനുള്ള നീക്കം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയ്യാറാകുന്നില്ല.
ഒറ്റ തവണ ആശ്വാസ പാക്കേജായി 250 കോടി രൂപ നല്‍കുകയും ആറ് മാസത്തേക്ക് കൂടി പ്രതിമാസ സഹായമായ 50 കോടി രൂപ നല്‍കിയാല്‍ കെ എസ് ആർ ടി സിക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം മാറ്റങ്ങൾ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam