മധുകൊലക്കേസ്:പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍‍ർജി ഇന്ന് പരി​ഗണിക്കും,തീർപ്പായാൽ വിചാരണ ഇന്നുമുതൽ

By Web TeamFirst Published Aug 16, 2022, 5:56 AM IST
Highlights

വിസ്താരം തുടങ്ങിയാൽ ദിവസേന അഞ്ച് സാക്ഷികളെ എങ്കിലും വിസ്തരിക്കാൻ നേരത്തെ കോടതി തീരുമാനിച്ചിരുന്നു

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികൾ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും പുറത്തുവന്ന ഫോൺ വിവരങ്ങളിലുണ്ട്. ഹർജിയിൽ തീർപ്പുണ്ടായാൽ ഇന്നു മുതൽ തന്നെ അതി വേഗ വിസ്താരവും തുടങ്ങിയേക്കും. 

ദിവസേന അഞ്ച് സാക്ഷികളെ എങ്കിലും വിസ്തരിക്കാൻ നേരത്തെ കോടതി തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ 25 മുതൽ 31 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിച്ചേക്കും. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്. രണ്ടു പേർ മാത്രമാണ് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയത്.

ഇന്ന് വിസ്താരം ഉണ്ടെങ്കിൽ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ് , ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും. ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠൻ, ഇരുപത്തി ഒമ്പതാം  സാക്ഷി സുനിൽ കുമാർ,മുപ്പതാം സാക്ഷി താജുദ്ദീൻ, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരെ ആണ് വിസ്തരിക്കുക
 

click me!