ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്, 31 ന് പ്രതിഷേധ ദിനം

By Web TeamFirst Published Aug 29, 2021, 11:00 AM IST
Highlights

രോ​ഗികളെ പരിചരിക്കുന്നത് ബാധിക്കാത്ത തരത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്  പോരാട്ടത്തിനിടയിലും ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ആചരിക്കാൻ കേരള ​ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ആഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കും.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽനിന്ന് പോരാടുകയാണ്. നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ കാര്യക്ഷമത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വസ്തുത വിലയിരുത്തി ആരോഗ്യ സംവിധാനങ്ങളെ നിലനിർത്തി കൊണ്ടുപോകുവാനും, ശക്തിപ്പെടുത്തുവാനുമുള്ള നയങ്ങൾ   എടുക്കേണ്ടതുണ്ടെന്ന് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിൽ പറയുന്നു.

ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ നേരിടുന്നതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചും, പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് ഭാവി തലമുറയ്ക്ക് കൂടി അനിവാര്യമായ ഒന്നാകുന്നു. എന്നാൽ കൊറോണ കാലത്ത് പോലും ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുന്നു എന്നുള്ളതാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അതീവ ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങളും, റിസ്ക് അലവൻസും, ഇൻഷുറൻസ് പരിരക്ഷയും മറ്റും നൽകി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയാണ്.

.കടുത്ത മാനസിക സമ്മർദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഈ നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരാവുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

രോ​ഗികളെ പരിചരിക്കുന്നത് ബാധിക്കാത്ത തരത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്നു മണി വരെ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

click me!