പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി വേണ്ടെന്ന് ഡിജിപി: നിയമം പരിഷ്കരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Nov 24, 2020, 1:28 PM IST
Highlights

സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാ‍ർ അടക്കമുള്ളവ‍ർക്കാണ് ഡിജിപി സ‍ർക്കുലറിലൂടെ നി‍ർദേശം നൽകിയത്. 

കൊച്ചി: ഏറെ വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. പരാതി കിട്ടിയാൽ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ പുതിയ സർക്കുലറിൽ പറയുന്നത്. 

മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലിൽ നിന്നുള്ള നിർദ്ദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടി പാടുള്ളൂവെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസ‍ർമാ‍ർ അടക്കമുള്ളവ‍ർക്കാണ് ഡിജിപി സ‍ർക്കുലറിലൂടെ നി‍ർദേശം നൽകിയത്. 

അതേസമയം വിവാദമായ പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമം ചോദ്യം ചെയ്ത് ബിജെ പി  സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ ആണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു. ഹർജികൾ നാളെ വീണ്ടും  ഹൈക്കോടതി പരിഗണിക്കും

click me!