Raveendran Pattayam : വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കും; ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങി

By Web TeamFirst Published Jan 20, 2022, 7:24 AM IST
Highlights

ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്

തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ(pattayams) റദ്ദാക്കാൻ സർക്കാർ തീരുമാനം(govt decision). ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

സംസ്ഥാനത്ത് ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയർന്ന പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്. 

ഇടുക്കിയിലെ പല പാർട്ടി ഓഫീസുകൾക്കും രവീന്ദ്രൻ പട്ടയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. പട്ടയം റദ്ദാക്കനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഇത് ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 18.6.2019 ലായിരുന്നു പട്ടയംങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

click me!