
കൊച്ചി: ജസ്റ്റിസ് വി ആർ കൃഷ്ണയ്യറുടെ വസതിയായ 'സദ്ഗമയ' സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന തീരുമാനം യാഥാർത്ഥ്യമാകുകയാണെന്ന് മന്ത്രി പി രാജീവ്. 1957ലെ ഇ എം എസ് മന്ത്രിസഭയിൽ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യര്‍. അദ്ദേഹത്തിന്‍റെ വസതി ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു.
ഇപ്പോൾ നടപടികള്‍ ആരംഭിക്കുന്നതിനുള്ള കണ്ടിജന്‍സി തുകയായി മുപ്പത്തിയെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എണ്ണൂറ്റി പത്ത് രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി അറിയിച്ചു. വിദ്യാർത്ഥി ജീവിതകാലം മുതൽ എപ്പോഴും ഓടിയെത്തുന്ന ഇടമായിരുന്നു സദ്ഗമയയെന്ന് മന്ത്രി ഓര്‍മ്മ പുതുക്കി. എത്രയോ ദിനങ്ങൾ, പിറന്നാൾ, ഓണം തുടങ്ങിയ വിശേഷ ദിവസങ്ങൾ, ഒന്നിച്ചുള്ള യാത്രാ ഭക്ഷണം പിന്നെ ചർച്ചകൾ.
മരണശേഷം സാമിക്കായി ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്ന കാര്യമാണ്. സദ്ഗമയ വിൽക്കാൻ പോകുന്നുവെന്ന വാർത്തകൾ വന്നപ്പോൾ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മദ്രാസിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിച്ച് വീട് സർക്കാർ ഏറ്റെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം