Latest Videos

ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ്റെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും

By Web TeamFirst Published Jun 5, 2021, 4:51 PM IST
Highlights

കല്ലുകൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്‍റെ തലയോട്ടി തകർന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്ക്.

എറണാകുളം: ആലുവ രാജഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്‍റെ മുഴുവന് ചികില്‍സ ചെലവും വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു . ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് തീരുമാനം. ലോക് ഡൗണ്‍ പരിശോധനിക്കിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അജിഷ് പോളിനെ ഒരാൾ ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്നാണ് രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വാഹനപരിശോധനയ്ക്കിടെ മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മർദ്ദനമേറ്റത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഇരുവരെയും കോവിൽക്കടവ് സ്വദേശി സുലൈമാൻ മർദ്ദിക്കുകയായിരുന്നു. 

കല്ലുകൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്‍റെ തലയോട്ടി തകർന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്ക്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച നടത്തിയ ശസ്ത്രക്രിയയിൽ തകർന്ന തലച്ചോറിന്‍റെ ഒരു ഭാഗം നീക്കം ചെയ്തു. എസ്എച്ച്ഒ രതീഷിന്‍റെ തലയിൽ ആറ് തുന്നലുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ രതീഷ് ആശുപത്രി വിട്ടു.

അജീഷ് പോളിന് മൂന്ന് ലക്ഷം രൂപയും രതീഷിന് 50,000 രൂപയും അടിയന്തര ചികിത്സ സഹായമായി പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അനുവദിച്ചു. ഇരുവരെയും മർദ്ദിച്ച പ്രതി സുലൈമാൻ പീരുമേട് ജയിലിൽ റിമാൻഡിലാണ്.

click me!