ലോറിയുടെ ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത്, ഗംഗാവലി പുഴയിലെ തെരച്ചിലിന് നാവികസേനയെത്തുമെന്ന് കളക്ടർ

Published : Jul 19, 2024, 11:58 AM IST
ലോറിയുടെ ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത്, ഗംഗാവലി പുഴയിലെ തെരച്ചിലിന് നാവികസേനയെത്തുമെന്ന് കളക്ടർ

Synopsis

നാവികസേനയുടെ വിദഗ്ധ ഡൈവർമാർ ഉടൻ സ്ഥലത്തെത്തും. എഞ്ചിൻ ഇന്നലെ വരെ ഓൺ ആയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കൽ വേഗത്തിലാക്കി.

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കനത്ത മഴയാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതെന്ന് എസ്പി നാരായണ്‍ പറഞ്ഞു. ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയെന്ന് കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. 

രണ്ട് സാധ്യതകളാണ് ഉള്ളത് - ഒന്ന് ലോറി മണ്ണിനടിയിൽ ആകാം, അല്ലെങ്കിൽ ഗംഗാവലി പുഴയിൽ വീണിരിക്കാമെന്ന് കളക്ടർ പറഞ്ഞു. വെള്ളത്തിനടിയിൽ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടി. നാവികസേനയുടെ വിദഗ്ധ ഡൈവർമാർ ഉടൻ സ്ഥലത്തെത്തും. എഞ്ചിൻ ഇന്നലെ വരെ ഓൺ ആയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കൽ വേഗത്തിലാക്കി. ഇത് വരെ അത്തരമൊരു ലോറി മണ്ണിനടിയിൽ ഉണ്ട് എന്നതിന്‍റെ അടയാളങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും കളക്ടർ പറഞ്ഞു. 

സംഭവത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. 

ജൂലൈ എട്ടിനാണ് അര്‍ജുൻ ലോറിയില്‍ പോയതെന്നും തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച് സംസാരിച്ചതെന്നും അര്‍ജുന്‍റെ വീട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ല. ഇന്ന് രാവിലെ എട്ടിന് വിളിച്ചപ്പോള്‍ അര്‍ജുന്‍റെ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നുവെന്നാണ് ഭാരത് ബെന്‍സ് കമ്പനി വീട്ടുകാരെ അറിയിച്ചത്.

അര്‍ജുനെ കണ്ടെത്താൻ കേരള സര്‍ക്കാരും പ്രതിപക്ഷവും സമ്മര്‍ദം ശക്തമാക്കിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാൻ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍, എം കെ രാഘവൻ എംപി, കെസി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവര്‍ ഇടപെട്ടു. വി ഡി സതീശൻ ഡി കെ ശിവകുമാറുമായും സംസാരിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. 

ഷിരൂരിലെ മണ്ണിടിച്ചില്‍; അര്‍ജുനെ രക്ഷിക്കാൻ ഇടപെടൽ; അന്വേഷിക്കാൻ നിർദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം