
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം നടക്കുന്ന വിവരം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും.
അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്. 20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസർ മനോജുമുണ്ടായിരുന്നു.
കണ്ണൂർ ജയിൽ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. സർക്കാർ നിർദ്ദേശ പ്രകാരം പ്രത്യേക ഇളവ് നൽകി പ്രതികളെ വിട്ടയക്കുന്നതിന്‍റെ ഭാഗമായി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂൺ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. പട്ടികയിൽ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകൾ അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തിൽ നിന്ന് തലയൂരിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam