
തിരുവനന്തപുരം: സാഹിത്യോത്സവങ്ങളുടെയും പതിവ് സംവാദ വേദികളുടെയും പരമ്പരാഗത ശൈലികളിൽ നിന്നൊരു വഴിമാറിനടത്തമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ'. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിന്ന ചർച്ചകൾ അറിവ് തേടുന്നവർക്കെല്ലാം തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ് സമ്മാനിച്ചത്. പ്രായഭേദമില്ലാതെ കനകക്കുന്നിൽ നിറഞ്ഞു കവിഞ്ഞ ആൾക്കൂട്ടം അഗോറയുടെ ഒന്നാം പതിപ്പിനെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് ഉയർത്തി. വഴിമുടക്കുന്ന വിവാദങ്ങൾ ആയിരുന്നില്ല. നാളെയിലേക്ക് പുതുവഴി തുറക്കുന്ന ആശയങ്ങൾ ആയിരുന്നു അഗോറയുടെ ആകെ തുക. നിർമ്മിത ബുദ്ധി ലോകം കീഴടക്കുന്നൊരു കാലം നാം കരുതിയിരിക്കണമെന്നോർമിപ്പിച്ചാണ് ആശയങ്ങളുടെ ഉത്സവത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിന്തകൾക്ക് തീകൊളുത്തിയത്. മനുഷ്യ പരിണാമം ഇനി പരീക്ഷണശാലകളിലാകും തീരുമാനിക്കപ്പെടുകയെന്ന വിഖ്യാത ജനിതകശാസ്ത്രജ്ഞൻ എഡ്രിയാൻ വൂൾഫ്‌സൻ്റെ പ്രവചനം വിസ്മയത്തോടെയാണ് അഗോറ വേദി കേട്ടത്.
ഒരു തുള്ളി ഉമിനീരിൻ്റെ പ്രാധാന്യം മുതൽ അളക്കാനാവാത്ത സമുദ്രാഴത്തിലെ വിസ്മയങ്ങളെ കുറിച്ച് വരെ. ഭൂഗർഭം മുതൽ ബഹിരാകാശം വരെ. പരിധികളില്ലാത്ത ആശയങ്ങൾ പ്രവഹിച്ച മൂന്ന് ദിനങ്ങളാണ് കടന്നുപോയത്. സിനിമ, രാഷ്ട്രീയം ,ചരിത്രം, സാങ്കേതികവിദ്യ, ഭക്ഷണം. അങ്ങനെ മനുഷ്യ ജീവിതത്തിന്റെ സർവ്വതല സ്പർശിയായ ചർച്ചകളായിരുന്നു. താരപ്രഭാവത്തിനു മാത്രമല്ല, ഭാവിയെ രൂപപ്പെടുത്തുന്ന ഗഹനമായ വിഷയങ്ങൾക്കും കാഴ്ചക്കാരും കേൾവിക്കാരും ഉണ്ടെന്ന് കേരളത്തെ ഓർമിപ്പിച്ചു അഗോറയിൽ നിറഞ്ഞു കവിഞ്ഞ ആൾക്കൂട്ടം. വന്നു പോയവരെല്ലാം ജീവിതത്തിലേക്കും തൊഴിൽ മേഖലയിലേക്കുമായി പുതുതായി എന്തോ കിട്ടിയെന്ന് സന്തോഷത്തോടെയാണ് മടങ്ങിയത്. സംഗീത സാന്ദ്രമായ സായാഹ്നങ്ങളെ സജീവമാക്കിയ ആൾക്കൂട്ടം അഗോറയെ ആഘോഷമാക്കി. അറിവിന്‍റെ, ആശയങ്ങളുടെ, ആഘോഷങ്ങളുടെ, അഗോറ തുടരുമെന്നായിരുന്നു ഒന്നാം പതിപ്പിന് തിരശ്ശീല വീഴുന്നിടത്ത് ഏഷ്യാനെറ്റ് ന്യൂസ് പ്രഖ്യാപനം നടത്തിയത്. അഗോറ 2.0 അടുത്ത വർഷം നവംബർ 26-28 തിയതികളിലായിരിക്കും അരങ്ങേറുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam