വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ വിവരങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ചയെന്ന് പരാതി, മെഡിക്കൽ കോളേജിൽ നടപടി, ഉദ്യോഗസ്ഥരെ മാറ്റിയെന്ന് ആരോഗ്യമന്ത്രി

Published : Nov 29, 2026, 05:47 PM IST
k muraleedharan

Synopsis

വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ച. സംഭവത്തിൽ പി.ആർ.ഒ ഉൾപ്പെടെയുള്ളവരെ മാറ്റിനിർത്താൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ശക്തമായ നടപടിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാഷ്വാലിറ്റി പി.ആർ.ഒ.യെ അന്വേഷണവിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. ക്യാഷ്വാലിറ്റിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് സീനിയർ നഴ്സിംഗ് ഓഫീസർമാരെയും ചുമതലയിൽ നിന്ന് മാറ്റി. ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് മന്ത്രി നിർദ്ദേശം നൽകി.

അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവാദപ്പെട്ടവർക്കെതിരെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗികളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടാകുന്നത് ഗൗരവമായി കാണുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

ഒക്ടോബര്‍ 17ന് പുലർച്ചെ അഞ്ച് മണിക്കാണ് ബന്ധുവീട്ടില്‍ പോകാനിറങ്ങിയ ജോണ്‍സണ്‍ ഗ്രീൻഫീല്‍ഡില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 11 ദിവസം ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞെങ്കിലും കുടുംബത്തിന് ജോണ്‍സണെ കുറിച്ച് ഒരു വിവരം ഉണ്ടായിരുന്നില്ല. ആധാർ കാർഡ് അടക്കമുള്ള രേഖകൾ ജോൺസന്റെ കയ്യിൽ ഉണ്ടായിരുന്നിട്ടും ആശുപത്രി അധികൃതർ വിവരം അറിയിച്ചില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.

ജോൺസനെ ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ വിവരം പോലീസ് എയ്ഡ് പോസ്റ്റിലും മെഡിക്കൽ കോളേജ് പോലീസിലും അറിയിച്ചു എന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. മന്ത്രിയും ഈ വാദത്തെ പിൻതുണച്ചു. അപകടം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. എന്നാൽ പൊലീസ് വിവരം അറിയുന്നത് മരണം റിപ്പോർട്ട് ചെയ്ത ശേഷം. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ ജോണ്‍സണെ കാണാതായെന്ന പരാതി നൽകിയെങ്കിലും അവരും ആശുപത്രിയില്‍ അന്വേഷിച്ചില്ല. സംഭവത്തിൽ പൊലീസിലും ആശുപത്രിയിലും ഉണ്ടായത് ഗൗരവതരമായ അനാസ്ഥയെന്ന് വ്യക്തം. കർശന നടപടി ആവശ്യപ്പെട്ട് ജോണ്‍സന്‍റെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, രാത്രി ദില്ലിയിലേക്ക് തിരിക്കും
മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻ്റെ ശക്തി, കുട്ടികൾ വഴി തെറ്റുന്നതിൽ സമൂഹത്തിനും പങ്ക്: 'അഗോറ'യിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അഭിനന്ദനം