
കൽപ്പറ്റ: എത്ര വലിയ നേതാവാണെങ്കിലും സ്ഥാനാർത്ഥിയായി കഴിഞ്ഞാൽ പിന്നെ എല്ലാം പോലും നിയന്ത്രിക്കുന്നത് പാർട്ടി നിശ്ചയിക്കുന്ന ടീമാണ്. വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മാനേജ് ചെയ്യാൻ ഉള്ളത് 30 അംഗ സംഘമാണ്. ഇവരാണ് സുരേന്ദ്രന്റെ ഓരോ നീക്കവും തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ റീൽസ്, ക്യാപ്സൂൾ , മറുപടികൾ എല്ലാത്തിനും ടീം. എല്ലാ പാർട്ടി ലൈനിൽ വേണം, ഇതിന്റെയെല്ലാം നേതൃത്വത്തിന് മുതിർന്നവർ തന്നെ.
തെരഞ്ഞെടുപ്പ് ഒരു കല്യാണമാണെങ്കിൽ മണവാളന്റെയോ മണവാട്ടിയുടേയോ പകിട്ടാണ് സ്ഥാനാർത്ഥിക്കെന്ന് പറയാം. ചിലരെ കല്യാണപ്പെണ്ണോ ചെറുക്കനോ തന്നെ നേരിട്ട് വിളിക്കണമെന്നാണ് നാട്ടുശീലം. അതുപോലെ വോട്ടുതേടി സ്ഥനാർത്ഥി തന്നെയെത്തണം. മറ്റുചിലർക്ക് കാരണവന്മാർ കല്യാണം വിളിക്കണമെന്നതാകും വാശി.
അവിടെ മുതിർന്ന പാർട്ടി നേതാക്കൾ പോകും. ബാച്ചിലർ പാർട്ടിയും ഹൽദിയും മൈലാഞ്ചിയും പ്രീ വെഡിങ് റിസപ്ഷനും പോലെ, തെരഞ്ഞെടുപ്പിലുമുണ്ട്. റോഡ് ഷോയും കുടുംബ സംഗമവും കാൽനടയും വാഹനറാലിയുമായി ആരവമുണ്ടാക്കി വോട്ടുതേടൽ. അതിഥികളായി വൻ താരനിരയെത്തുന്നതാണ് പതിവ്.
വയനാട്ടിൽ കെ.സുരേന്ദ്രനായി സ്മൃതി ഇറാനി എത്തി. യോഗി ആദിത്യനാഥ് അടുത്ത ഘട്ടത്തിൽ വരുമെന്നാണ് വിവരം. സോഷ്യൽ മീഡിയ ടീമുണ്ട്. മീഡിയ ടീമുണ്ട്. സ്ഥാനാർത്ഥിയെ ബൂസ്റ്റ് ചെയ്യണം. ആരോപണങ്ങളെ ചെറുക്കണം. ട്രോളുകൾ വേണം. ക്യാപ്സൂളുകൾ ഹിറ്റാകണം. റീലുകൾ ഒഴുകണം. ഉള്ളടക്കത്തിൽ പുതുമ മസ്റ്റ്.
എല്ലാം പാർട്ടി ലൈനിൽ വേണം. അതുകൊണ്ട് തന്നെ എല്ലാത്തിനും മുതിർന്നവരുടെ കണ്ണെത്തണം. സോൺൽ പ്രസിഡൻറ് ജയചന്ദ്രൻ മാഷിനാണ് ചുമതല. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ കൂടി ചേരുന്നതാണ് വയനാട്ടിലെ ടീം. സംസ്ഥാന പ്രസിഡൻറ് ആണെങ്കിലും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ സുരേന്ദ്രൻ വയനാട് മണ്ഡലം വിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam