
തിരുവനന്തപുരം: ജിഎസ്ടി കുടിശിക വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ. തർക്കമുണ്ടെന്ന് വരുത്താൻ ശ്രമം നടക്കുന്നുവെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രന്റെ പാർലമെന്റിലെ പ്രസംഗം പരാമർശിച്ച് ബാലഗോപാൽ വിമർശിച്ചു. കുടിശിക കാലാവധി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അർഹമായ കേന്ദ്ര വിഹിതം കേരളത്തിന് നിഷേധിക്കുന്നതിലാണ് എതിർപ്പെന്നും ധനമന്ത്രി പറയുന്നു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
കേരളത്തിന് ജി എസ് ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്തിയതുമുള്ള ശ്രീ. എന്‍ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നൽകിയ ഉത്തരവും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നൽകാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.
തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേതാണ്.
ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2022 ജൂണ്‍ 30-ന് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വർഷം കൂടി ദീർഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് 18,000 ത്തോളം കൂടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയർത്തുന്ന പ്രശ്നങ്ങൾ.
കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത് . കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾ അതിന്റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നൽകിയതും. കേരളത്തിനര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam