
കൊച്ചി: തുടർച്ചയായി ആറുമാസം ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് വ്യാപാരസമൂഹം. റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഈ മാസം 25നകം ജിഎസ്ടി റിട്ടേൺ നൽകിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിന്റെ മുന്നറിയിപ്പ്.
നിർദേശിച്ച തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഭീമമായ തുകയാണ് വ്യാപാരികൾ അടക്കേണ്ടിവരിക. നടപടികൾ ലഘൂകരിക്കാത്തതിനാലും വെബ്സൈറ്റിൽ തിരക്ക് കാണിക്കുന്നതിനാലും അനുവദിച്ച തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാനാകുമോ എന്ന ആശങ്കയാണ് വ്യാപാരസമൂഹത്തിനുള്ളത്. രജിസ്ട്രേഷൻ റദ്ദാക്കിയാൽ ഇ വേ ബിൽ ബ്ലോക്കാകാനും അതുവഴി വ്യാപാരമേഖല മുഴുവനായി സ്തംഭിക്കാനും ഇടവരുമെന്ന് ഓൾ കേരള ജിഎസ്ടി പ്രാക്ടീഷണേഴ്സ് അസോസിയേഷനും വ്യക്തമാക്കുന്നു.
കഴിഞ്ഞ സെപ്തംബറിനേക്കാൾ 3.76 ശതമാനം ഉയർന്ന് ജിഎസ്ടി വരുമാനം ഒക്ടോബറിൽ 95000 കോടിയിൽ എത്തിയിരുന്നു. എന്നാൽ 2018 ഒക്ടോബറിനേക്കാൾ 5.2 ശതമാനം കുറവായിരുന്നു ഇത്. ഒരു ലക്ഷം കോടി എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം നികുതി പിരിവ് ഊർജ്ജിതമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam