
തിരുവനന്തപുരം: നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയതില്‍ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നത്. ശസ്ത്രകൃയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി രണ്ടുമാസം മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നെന്നും ഫോണിലൂടെ കൃത്യമായ മറുപടി ലഭിക്കാത്തത് കൊണ്ടാണ് നേരിട്ട് വന്നത്. എന്നാൽ അപേക്ഷ പോലും ഡയറക്ടർ കണ്ടത് ഇപ്പോഴാണ്. രണ്ടാം തീയതി റിപ്പോർട്ട് നൽകാം എന്നാണ് പറഞ്ഞത്. പക്ഷേ അതിൽ വിശ്വാസമില്ല. സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. കുറ്റക്കാരായവർക്കെതിരെ സർക്കാർ യാതൊരു നടപടിയിൽ സ്വീകരിക്കുന്നില്ല. വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നിയമനടപടികളിലേക്ക് കടക്കാൻ സാധിക്കു. രണ്ടാം തീയതി റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നത് എന്നും സുമയ്യ പറഞ്ഞു.
സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ, ഡോഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നായിരുന്നു നിഗമനം. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. എന്നാല്‍, ശ്വാസമുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.