
വയനാട്: വയനാട്ടിൽ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന് പിന്നാലെയാണ് ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചത് എന്നാണ് വിവരം. തോമാട്ടുചാൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർത്ഥിയായാണ് ജഷീർ പത്രിക നൽകിയിരുന്നത്. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീർ പള്ളിവയൽ പ്രതികരിച്ചു.
തോമാട്ടുചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീർ. പാർട്ടി തന്നെ അവഗണിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച ജഷീർ, പത്രിക പിൻവലിക്കാൻ സമ്മർദമുണ്ടെങ്കിലും അതിന് വഴങ്ങില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.