വേനൽചൂട്: ലൈസന്‍സില്ലാത്ത പടക്ക കടകൾക്ക് പൂട്ട്, പൊലീസിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

Published : Mar 11, 2023, 06:44 PM ISTUpdated : Mar 11, 2023, 07:06 PM IST
വേനൽചൂട്: ലൈസന്‍സില്ലാത്ത പടക്ക കടകൾക്ക് പൂട്ട്, പൊലീസിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

Synopsis

പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസന്‍സ് ഇല്ലാത്ത ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിർത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി അനില്‍ കാന്ത്. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. ഇത്തരം ചെലവിനായി ഇതിനകം തന്നെ ജില്ലകള്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
    
വരുംദിവസങ്ങളില്‍ വിശിഷ്ടവ്യക്തികള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവര്‍ക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിർജലീകരണം സംഭവിക്കാതിരിക്കാൻ  ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസന്‍സ് ഇല്ലാത്ത ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. 

പട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.  പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി പാത്രങ്ങളില്‍ വെള്ളം കരുതണം. അടിയന്തിരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലും 04712722500, 9497900999 എന്ന നമ്പറില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും ഡിജിപി അറിയിച്ചു.

അതേസമയം ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.  തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം 'തണ്ണീര്‍ പന്തലുകള്‍' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തുമെന്നും പിണറായി അറിയിച്ചു.

Read More : കൂടിക്കാഴ്ചക്ക് സമയം കൊടുത്തു, മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മന്ത്രി എത്തിയില്ല; ഓഫീസ് തകര്‍ത്ത് സ്ത്രീകൾ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം