ലക്ഷ്യമിട്ടത് മുതിർന്ന അമേരിക്കൻ പൗരന്മാരെ, തട്ടിയത് 62 കോടിയിലധികം; ഗുജറാത്ത് സ്വദേശി കാനഡയിൽ അറസ്റ്റിൽ

Published : Aug 22, 2026, 10:54 AM IST
gujarati man arrested in canada for targeting elderly americans in fraud

Synopsis

അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി

വാഷിംഗ്ടൺ: അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശിയും അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ താമസിച്ചിരുന്നയാളുമായ ജയ് സുനിൽഭാർത്തി ഗോ സ്വാമി (21) എന്നയാളാണ് അറസ്റ്റിലായത്. തട്ടിപ്പിലൂടെ നേടുന്ന പണത്തിന്‍റേയും സ്വർണത്തിന്‍റെയും ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഫോൺ വഴിയും ഇന്‍റർനെറ്റ് വഴിയും വൃദ്ധരെ ബന്ധപ്പെടുന്ന തട്ടിപ്പുസംഘം, അവരുടെ ബാങ്ക് അക്കൗണ്ടുകളും വ്യക്തിഗത വിവരങ്ങളും അപകടത്തിലാണെന്ന് ആദ്യം വിശ്വസിപ്പിക്കുന്നു. തുടർന്ന് ബാങ്കിലുള്ള സമ്പാദ്യം പൂർണ്ണമായി പിൻവലിച്ച് പണമായോ സ്വർണ്ണമായോ ഗിഫ്റ്റ് കാർഡുകളായോ മാറ്റാൻ ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് സംരക്ഷിക്കാനെന്ന വ്യാജേന പോലീസ് അല്ലെങ്കിൽ ഔദ്യോഗിക ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തുന്ന ഗോസ്വാമിയെപ്പോലുള്ള ആളുകൾ ഇരകളിൽ നിന്ന് നേരിട്ട് പണവും സ്വർണ്ണവും കൈപ്പറ്റുകയും തട്ടിപ്പ് സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്.

59 നും 87 നും ഇടയിൽ പ്രായമുള്ള 9 മുതിർന്ന പൗരന്മാരിൽ നിന്നായി ഏകദേശം 75 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 62 കോടിയിലധികം രൂപ) ഇയാൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തു. ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലായി കുറഞ്ഞത് 9 തവണയെങ്കിലും ഇയാൾ നേരിട്ട് ഇരകളിൽ നിന്ന് പണവും സ്വർണ്ണവും കൈപ്പറ്റിയതായായും അതിന് ഗൂഢാലോചന നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 നും 2026 ഏപ്രിൽ 6 നും ഇടയിൽ അമേരിക്കയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇയാൾ 90,000 ഡോളറിലധികം നിക്ഷേപിച്ചതായി കണ്ടെത്തി. തട്ടിപ്പിൽ പങ്കാളിയായതിന് ലഭിച്ച പ്രതിഫലമാണിതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഓഗസ്റ്റ് 17-ന് കോടതിയിൽ ഹാജരാക്കിയ ഗോസ്വാമിയെ ചില ഉപാധികളോടെ വിട്ടയച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഇയാൾ കാനഡയിലേക്ക് കടക്കുകയും ഓഗസ്റ്റ് 18 വൈകുന്നേരം ടൊറന്റോയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ അമേരിക്കൻ അന്വേഷണ ഏജൻസികൾ കാനഡയോട് സഹായം അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 20-ന് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കനേഡിയൻ അധികൃതർ ഇയാളെ തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി
തീ പിടിത്തം; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം