രാജസ്ഥാൻ തെരഞ്ഞെടുപ്പിലെ തുറുപ്പ് ചീട്ട്? ഗുജ്ജർ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

By Web TeamFirst Published Jan 28, 2023, 5:51 PM IST
Highlights

രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് മാസം മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി

ദില്ലി: തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ ഗുജ്ജർ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നീക്കം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ മാലാസേരി മേഖലയിൽ ഭഗവാൻ ദേവ് നാരായണിന്റെ ജന്മവാർഷിക ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജ്ജർ വിഭാക്കാർ രാജ്യത്തിന്റെ അഭിമാനമാണെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. കോണ്‍ഗ്രസില്‍ ഗുജ്ജർ വിഭാഗക്കാരനായ സച്ചിൻ പൈലറ്റും ഗെലോട്ടും തമ്മിലുള്ള പോരിനിടെയാണ് ഗുജജ്ജറുകളെ ഒപ്പമെത്തിക്കാനുള്ള ബിജെപി നീക്കമെന്നത് ശ്രദ്ധേയമാണ്.

രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് മാസം മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പാർട്ടി ദേശീയ നേതൃത്വം ഉയർന്ന ശ്രദ്ധ സംസ്ഥാനത്ത് പതിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ജനസംഖ്യയിലെ 12 ശതമാനം വരുന്ന ഗുജ്ജർ വിഭാഗക്കാരെ ഒപ്പം നിർത്താനുള്ള നീക്കം ബിജെപി നടത്തുന്നത്.

 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജ്ജർ വിഭാഗത്തിലെ ഒൻപത് നേതാക്കൾക്കാണ് ബിജെപി സീറ്റ് നൽകിയിരുന്നത്. എന്നാൽ അന്ന് ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റി. ഒൻപതിടത്തും ബിജെപി പരാജയപ്പെടുകയായിരുന്നു. യുവ നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില് ഗുജ്ജർ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചതാണ് കഴിഞ്ഞ തവണ കനത്ത തോൽവി ഏറ്റുവാങ്ങാൻ കാരണമെന്നാണ് ബിജെപി വിലയിരുത്തൽ.

എന്നാൽ കോൺഗ്രസ് നേതൃത്വം സച്ചിൻ പൈലറ്റിനെ അവഗണിക്കുന്നതും കോൺഗ്രസ് പാർട്ടിക്കുള്ളിൽ സംസ്ഥാനത്തുള്ള തമ്മിലടിയും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അങ്ങിനെ വന്നാൽ ഗുജ്ജർ വോട്ടുകൾ അനുകൂലമാക്കുകയാണ് ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് 45 സീറ്റുകളിൽ ഗുജ്ജർ വിഭാക്കാർക്ക് സ്വാധീനമുണ്ടെന്നാണ് നിഗമനം. 

എന്നാൽ മറുവശത്ത് കാര്യങ്ങൾ സുഖകരമല്ല. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തിരിക്കുമ്പോഴും കോൺഗ്രസിൽ തമ്മിലടി തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് പ്രധാന തർക്കം. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സച്ചിൻ പൈലറ്റിനെ കൊണ്ടുവരാൻ ഈയടുത്ത് ഹൈക്കമാന്റ് ശ്രമിച്ചിരുന്നെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

click me!