ലുലുമാളില്‍ നിന്ന് തോക്കും തിരകളും കണ്ടെടുത്ത കേസ്; ദുരൂഹത തുടരുന്നു, വൃദ്ധന് ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം

By Web TeamFirst Published Apr 4, 2021, 11:53 AM IST
Highlights

തോക്കും തിരകളും അടങ്ങിയ പൊതി മറ്റാരോ ട്രോളിയില്‍ ഉപേക്ഷിച്ചതാകാമെന്നും ഇതറിയാതെ വൃദ്ധന്‍ ട്രോളി ഉപയോഗിച്ചതാകാം എന്നുമാണ് ഇപ്പോഴത്തെ നിഗമനം.

കൊച്ചി: കൊച്ചിയിലെ ലുലുമാളില്‍ നിന്ന് തോക്കും തിരകളും കണ്ടെടുത്ത കേസില്‍ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്ത വൃദ്ധന് സംഭവുമായി ബന്ധമില്ലെന്നാണ് പ്രാഥമികമായി മനസ്സിലാക്കാനായത്. തോക്കും തിരകളും അടങ്ങിയ പൊതി മറ്റാരോ ട്രോളിയില്‍ ഉപേക്ഷിച്ചതാകാമെന്നും ഇതറിയാതെ വൃദ്ധന്‍ ട്രോളി ഉപയോഗിച്ചതാകാം എന്നുമാണ് ഇപ്പോഴത്തെ നിഗമനം.

ഇന്നലെ ലുലുമാളിലെ താഴത്തെ നിലയിലെ ട്രോളിയില്‍ നിന്നാണ് തോക്കും തിരകളുമടങ്ങിയ പൊതി ജീവനക്കാരുടെ ശ്രദ്ധയിപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ട്രോളി അവസാനം ഉപയോഗിച്ചെത് ഒരു വൃദ്ധനാണെന്ന് കണ്ടെത്തിയുരുന്നു. രാത്രിയോടെ ആലുവയിലെ വസതിയില്‍ വെച്ചും തൃക്കാക്കര എസിപി ഓഫീസില്‍ വെച്ചും വൃദ്ധനെ  വിശദമായി ചോദ്യം ചെയ്തു. 86 വയസ്സുകാരനായ ഇദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥാനായി വിരമിച്ചയാളാണ്. സംഭവുമായി യാതൊരു ബന്ധവുമില്ലന്ന് ഇദ്ദേഹം മൊഴി നല്‍കി. മക്കളുടെ മൊഴിയും ശേഖരിച്ചു. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും വൃദ്ധനില്ലെന്ന് മനസ്സിലായിട്ടുണ്ട്. തുടര്‍ന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. 

വൃദ്ധന്‍ ട്രോളി ഉപയോഗിക്കുന്നതിന് മുമ്പ് തോക്കും തിരയും അടങ്ങിയ പൊതി ആരെങ്കിലും ട്രോളിയില്‍ ഉപേക്ഷിച്ചു പോയിരിക്കാമെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ മാളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനുള്ള ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്. തോക്ക് ഉപയോഗശൂന്യമായതാണെന്ന് ബാലസ്റ്റിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തോക്കിന്‍റെ ഐഡി നമ്പറില്‍ നിന്ന് ഉടമയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ലൈസന്‍സുള്ള തോക്കാണെങ്കില്‍ സര്‍ക്കാര് രേഖകളില്‍ നിന്ന്  ഉടമയെകുറിച്ചുള്ള വിവരങ്ങല്‍ അറിയാനാകും.

click me!