
തൃശ്ശൂർ: യുഎപിഎ ചുമത്തി ഒറ്റപ്പാലത്തുനിന്ന് അറസ്റ്റ് ചെയ്ത തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗുരുമൂർത്തിക്കെതിരേ കൂടുതൽ കണ്ടെത്തലുകൾ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങും ഗുരുമൂർത്തിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ ജൂത പൗരന്മാരുടെ വിവരങ്ങളും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങളും പകർത്തി അയച്ചതിന് പിടിയിലായ യഷ് സിങ്ങിനെ ഇതിനായി റിക്രൂട്ട് ചെയ്തത് ഗുരുമൂർത്തിയാണെന്നാണ് പ്രധാന കണ്ടെത്തൽ. മുംബൈയിലെ ജൂതരുടെ വിവരങ്ങൾ ശേഖരിച്ചതിന് യഷ് സിങ്ങിന് പലതവണയായി 25,000 രൂപയാണ് ഗുരുമൂർത്തി പ്രതിഫലമായി നൽകിയതെന്നും പൊലീസ് പറയുന്നു.
ഭീകരസംഘങ്ങൾക്കായി യുവാക്കളെ കണ്ടെത്തുന്നതും പണം നൽകി ഇവരെ ദൗത്യമേൽപ്പിക്കുമെന്നതും ഗുരുമൂർത്തിയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഗുരുമൂർത്തി ഏറെക്കാലം മുംബൈയിലായിരുന്നു താമസം. മുംബൈയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച് ഇയാൾ ശൃംഖല വിപുലമാക്കി. നാലുമാസം മുൻപാണ് താൻ ഒറ്റപ്പാലത്ത് വന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ഗുരുമൂർത്തി കേരളത്തിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് എന്തിന് വേണ്ടിയായിരുന്നു എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.
ആറ് ബാങ്ക് അക്കൗണ്ടുകളാണ് ഗുരുമൂർത്തിയുടെ കൈവശമുള്ളത്. ഇതിലെ പണമിടപാടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ ഗുരുമൂർത്തിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണമെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലോറൻസ് ബിഷ്ണോയി സംഘം ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ഗുരുമൂർത്തിക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തെത്തുടർന്ന് ഒറ്റപ്പാലത്തെ കടയിൽ ജോലിചെയ്തുവന്നിരുന്ന ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗുരുമൂർത്തിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് നവിമുംബൈ സ്വദേശിയായ യഷ് സിങ്ങിനെ(20) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) മുംബൈയിൽനിന്ന് പിടികൂടിയത്. മുംബൈയിലെ ജൂതസമൂഹവുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും ഭീകരസംഘങ്ങൾക്ക് കൈമാറിയതിനാണ് ഇയാൾ പിടിയിലായത്. ടെലഗ്രാം ആപ്പ് വഴിയാണ് ഇയാൾ ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. മുംബൈയിൽ പിടിയിലായ യഷ് സിങ്ങിനെ പിന്നീട് തൃശ്ശൂരിൽനിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. അതിനിടെ, കൊച്ചിയിലെ സിനഗോഗ് ആക്രമണക്കേസിലെ പ്രതിയായ എബിൻ പോളുമായും ഗുരുമൂർത്തിക്ക് ബന്ധമുണ്ടായിരുന്നതായും കരുതുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam