Latest Videos

'ഓൺലൈന്‍ ബുക്കിംഗ് ഫലപ്രദം'; ആശങ്കപ്പെടേണ്ടതില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍

By Web TeamFirst Published Jun 9, 2020, 10:54 AM IST
Highlights

ഓൺലൈന്‍ ബുക്കിംഗ് ഫലപ്രദമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെയർമാൻ അറിയിച്ചു. 

തൃശ്ശൂര്‍: ക്ഷേത്രങ്ങൾ തുറന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാണ് വിവാദമെന്നും ഗുരുവായൂരില്‍ ദര്‍ശനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു. ഓൺലൈന്‍ ബുക്കിംഗ് ഫലപ്രദമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെയർമാൻ അറിയിച്ചു. 

അതേസമയം ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. മണിക്കൂറിൽ 200 പേർക്കാണ് പ്രവേശനം ലഭിക്കുക.
സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുമ്പോൾ കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഈ മാസം 14 നാണ് നട തുറക്കുന്നത്. ജൂൺ 19 നാണ് ഉത്സവത്തിന്‍റെ കൊടിയേറ്റ്.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ശബരിമല ക്ഷേത്രത്തിലും ഭക്തർക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. ഈ മാസം 14 മുതല്‍ 28 വരെയാണ് തുറക്കുക. വെര്‍ച്ച്വല്‍ ക്യൂ വഴി ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്നമില്ല. ഭക്തർക്ക് പ്രായപരിധിയിൽ നിയന്ത്രണമുണ്ട്. 10 വയസിന് താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ടാവില്ല. 

പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടത്തും. മാസ്ക് ധരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദർശനം ഉണ്ടാകില്ല. ഭക്തർക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കും. പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല.

click me!