
കോട്ടയം: പാരലൽ കോളേജ് വിദ്യാർത്ഥിനി അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി പ്രശസ്ത മനോരോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോക്ടർ സി ജെ ജോൺ. കോപ്പിയടിച്ചുവെന്ന പേരിൽ പരീക്ഷാഹാളിനുള്ളിൽ വച്ച് പിടിക്കപ്പെട്ട അഞ്ജുവിനെ കാണാതാകുകയും പിന്നീട് മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി കോളേജ് അധികൃതർ രംഗത്ത് വന്നിരുന്നു. പരീക്ഷയുടെ പാഠഭാഗങ്ങൾ ഹാൾടിക്കറ്റിന് പിന്നിൽ എഴുതി വച്ചിരുന്നതായി ഇൻവിജിലേറ്റർ കണ്ടെത്തുകയും പിന്നീട് പ്രിൻസിപ്പൽ അച്ചനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
'കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്തു ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോൾ ചില കുട്ടികൾ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തിൽ പെരുമാറാൻ.' സിജെ ജോൺ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കുട്ടികൾ കോപ്പി അടിക്കുന്നത് പലതരം ഉൾപ്രേരണകൾ മൂലമാണെന്നും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നത് പോലെ അവരോട് പെരുമാറിയാൽ അതൊരു വധശിക്ഷയായി മാറുമെന്നും ഡോക്ടർ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കോപ്പിയടിച്ചുവെന്ന പേരിൽ പിടിക്കപ്പെട്ടതിൽ മനം നൊന്തു ഒരു ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്ന് വാർത്ത .നിജ സ്ഥിതി തര്‍ക്ക വിഷയമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ മാനം കെട്ടു പോകുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകുമ്പോൾ ചില കുട്ടികൾ ഇങ്ങനെ പ്രതികരിച്ചേക്കും. ഈ സാധ്യത കൂടി കണക്കിലെടുത്തു വേണം കോപ്പിയടി സാഹചര്യത്തിൽ പെരുമാറാൻ. രക്ഷകർത്താക്കളെ ഇത്തരം സന്ദർഭത്തിൽ വിളിച്ചു വരുത്തി അവരുടെ ഒപ്പം വേണം വിടാനും. ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലുകളായി കണക്കാക്കാതെ തിരുത്താനുള്ള പഴുത് നൽകി വേണം ഇടപെടലുകൾ നടത്താൻ. മാനുഷിക വശം കൂടി പരിഗണിച്ചു കൃത്യമായ ഒരു നടപടി ക്രമം വേണമെന്ന സൂചനയാണ് ഈ സംഭവത്തിൽ വന്ന വീഴ്ചകൾ ചൂണ്ടി കാണിക്കുന്നത്.
സ്വന്തം ഭാഗത്താണ് ശരിയെന്ന് സ്ഥാപിക്കാനായി ആ വിദ്യാഭ്യാസ സ്ഥാപനം സി. സി. ടി. വി ദൃശ്യങ്ങൾ പൊതു സമൂഹത്തിന്റെ മുൻപിലേക്ക് എറിഞ്ഞു കൊടുത്തതും ഒരു വലിയ വീഴ്ചയാണ്. പോലീസിനെ കാണിക്കേണ്ട ദൃശ്യങ്ങൾ ഇങ്ങനെ സ്വയം പോലീസ് ചമഞ്ഞ് പുറത്തു കാണിക്കുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ്. കുട്ടികൾ കോപ്പി അടിക്കുന്നത് പല തരം ഉൾപ്രേരണകൾ മൂലമാണ്. പഠിക്കുന്ന കുട്ടികൾ പോലും കുട്ടുകാർ ചെയ്യുന്നത് കണ്ട് ചെയ്തു പോകാറുണ്ട്. എന്തിന് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമം ഉണ്ടാകണം. തിരുത്താനുള്ള ഉത്തേജനം നൽകണം. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ ഇടപെട്ടാല്‍ അതൊരു വധശിക്ഷയായി മാറും. സ്വഭാവത്തെ തകര്‍ക്കും.
(സി ജെ ജോൺ)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam