
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും സതീശൻ ചോദിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി പി ഐ യെ വിദഗ്ദമായി പറ്റിച്ചു. മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സി പി ഐ എങ്കിലും മനസിലാക്കണം. ഇടത് മുന്നണിയിൽ സി പി ഐ യേക്കാൾ സ്വാധീനം ബി ജെ പി ക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
പി എം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ധമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി. ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സി പി ഐ ചോദിച്ചത്. അതിന് ഹ... ഹ...ഹ... എന്ന് പരിഹരിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള ധാരണപത്രത്തിൽ കേരളം ഒപ്പിട്ടത് പുനഃപരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇക്കാര്യം മന്ത്രിസഭ ഉപസമിതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരും വരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴംഗ മന്ത്രിസഭാ ഉപസമിതിയാണ് പദ്ധതി പരിശോധിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ സമിതിയില്‍ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്ന കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവച്ച് ഏഴാം നാളാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്. സി പി ഐ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാര്‍ പിന്മാറ്റത്തിന്‍റെ കാരണം. 9 വർഷത്തിനിടെ ആദ്യമായാണ് പിണറായി വിജയന്‍ സി പി ഐയ്ക്ക് മുന്നിൽ കീഴടങ്ങുന്നത്. പദ്ധതി പരിശോധിക്കുന്നതിനുള്ള ഉപ സമിതിയിൽ സി പി ഐയിൽ നിന്ന് രണ്ട് മന്ത്രിമാരുണ്ടെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam