സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു; വ്യവസായി ഷാഹി വിജയൻ

By Web TeamFirst Published Sep 24, 2021, 10:15 PM IST
Highlights

കൃഷി വകുപ്പ് ഓഫീസർക്ക് അടക്കം പണം നൽകാത്തതിന്റെ വൈരാ​ഗ്യമാണ് തന്നോട് തീർത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

തിരുവനന്തപുരം: ചവറയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് സംരംഭകൻ ഷാഹി വിജയൻ പറഞ്ഞു. കൃഷി വകുപ്പ് ഓഫീസർക്ക് അടക്കം പണം നൽകാത്തതിന്റെ വൈരാ​ഗ്യമാണ് തന്നോട് തീർത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ഷാഹി വിജയനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നിട്ടും ബിജുവിനെതിരെ നടപടിക്ക് സിപി എം നേതൃത്വം തയ്യാറാകാത്തതിൽ വിമർശനം ഉയരുന്നുണ്ട്.  പൊതുജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന ആഹ്വാനം സിപി എമ്മും സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുമെന്ന പ്രഖ്യാപനം സർക്കാരും നടത്തുന്നതിനിടയിലാണ് വ്യവസായിയോടുള്ള സിപിഎം നേതാവിന്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം. സിപിഎം രക്തസാക്ഷി സ്‍മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്നായിരുന്നു ഭീഷണി.

പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ നൽകണമെന്നും ഇല്ലെങ്കിൽ പത്തു കോടി ചെലവിട്ട് നിർമിച്ച, ഷാഹി വിജയന്റെ കൺവെൻഷൻ സെന്ററിനു മുന്നിൽ പാർട്ടി കൊടികുത്തുമെന്നാണ് ബിജു  പ്രവാസി വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സി പി എം നേതാവിന്റെ ഭീഷണിക്കു പിന്നാലെ വില്ലേജ് ഓഫിസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.

എന്നാൽ, രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ബിജു വിശദീകരിക്കുന്നത്. പാർട്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നും ഏരിയാ നേതൃത്വവും വിശദീകരിച്ചതോടെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്.  മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എങ്കിലും ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസി വ്യവസായി ഷാഹിയും കുടുംബവും.

click me!