DYFI: 'ഭക്ഷണത്തിന് മതമില്ല'; ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

Published : Nov 23, 2021, 04:40 PM ISTUpdated : Nov 23, 2021, 05:19 PM IST
DYFI: 'ഭക്ഷണത്തിന് മതമില്ല'; ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

Synopsis

നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാ​ഗ്രത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഹലാൽ വിവാദം കത്തിപ്പടർന്നിരുന്നു

തിരുവനന്തപുരം: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ (HALAL FOOD) ഫുഡ് സ്ട്രീറ്റ് (Food Street) സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ (DYFI). നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാ​ഗ്രത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഹലാൽ വിവാദം കത്തിപ്പടർന്നിരുന്നു. ഹലാല്‍ വിവാദത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പ്രതികരിച്ചത്.

ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും  കോടിയേരി പറഞ്ഞു. അതേസമയം, ഹലാൽ ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണം നടത്തരുത് എന്ന് പാളയം ഇമാമും പറഞ്ഞു. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുത വിരുദ്ധമാണെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ഉറൂസ് ഭക്ഷണത്തിൽ മന്ത്രിചൂതുന്ന പുരോഹിതന്റെ നടപടി അനാചാരം ആണ്.

വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ചു തെറ്റായ പ്രചാരണം നടത്തുകയാണ്. മത സൗഹാർദ്ദത്തെ തകർക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നാണ് ഹലാൽ വിവാദത്തിൽ എ പി അബ്ദുല്ലക്കുട്ടി പ്രതികരിച്ചത്.

വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കിൽ പന്നിയിറച്ചിയും ഹറാമല്ല. ഹലാൽ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണ്. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താൻ ഉള്ള ശ്രമമാണിത്. മലമൂത്രത്തിൽ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്നും ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡൻറ് എ പി അബ്ദുല്ലക്കുട്ടി പ്രതികരിച്ചിരുന്നു.

അതിനിടെ, ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡ് വയ്ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇത്തരം ബോർഡുകൾ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാൻ കാരണമാകും. ഭക്ഷണം ആവശ്യമുള്ളവർ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും  ഭക്ഷണത്തിന്‍റെ പേരിൽ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും  ഹസ്സൻ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി
കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ; കേരളത്തിലെ പ്രവർത്തകരെ മാതൃകയാക്കണമെന്ന് പുകഴ്ത്തൽ, 'നിരവധി പദ്ധതികൾ നൽകി'