കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണവും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരം സർക്കാർ 11 പുതിയ തസ്തികകൾ സൃഷ്ടിച്ചു. മൂന്ന് സ്പെഷ്യൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികകളാണ് അധികമായി സൃഷ്ടിച്ചത്.
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷ്യൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്. ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജി യുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ അനർഹരും മറ്റു പാർട്ടി പ്രവർത്തകരും കടന്നുകൂടിയെന്ന ലോയേഴ്സ് കോൺഗ്രസിന്റെ വിമർശനങ്ങൾ നിലനിൽക്കുമ്പോഴാണ് 11 പുതിയ തസ്തിക സർക്കാർ സൃഷ്ടിക്കുന്നത്. അതോടൊപ്പം, സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽമാരെ നിയമിച്ചും സർക്കാർ ഉത്തരവിറക്കി. ഒരു സീനിയർ സ്റ്റാൻഡിങ് കൗൺസിൽ അംഗത്തെയും 4 സ്റ്റാൻഡിങ് കൗൺസിൽ മാരെയുമാണ് നിയമിച്ചത്. എം.ആർ. രമേഷ് ബാബുവാണ് സീനിയർ സ്റ്റാൻഡിങ് കൗൺസിൽ.
