18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കേരളം

By Web TeamFirst Published Jul 18, 2021, 7:06 PM IST
Highlights

രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 

രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 86,70,691 സ്ത്രീകളും, 80,16,121 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 39,84,992 പേര്‍ക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 58,13,498 പേര്‍ക്കും 60 വയസിന് മുകളിലുള്ള 68,91,110 പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം ജില്ലയാണ്.

തുള്ളിയും കളയാതെ കിട്ടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം ദേശീയ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്തിനാകെ ഇതുവരെ 1,60,87,960 ഡോസ് വാക്‌സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ജനുവരി 16 മുതലാണ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ നല്‍കി വന്നത്. എന്നാല്‍ ജൂണ്‍ അവസാനം മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി.

click me!