
കൊച്ചി: പാതി വില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ്റെ അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസെന്റിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ഇഡി പരിശോധന പൂർത്തിയായി. 12 മണിക്കൂറോളം ഫ്ലാറ്റിൽ ചെലവഴിച്ച ഉദ്യോഗസ്ഥർ ലാലിയിൽ നിന്ന് വിശദമായി വിവരങ്ങൾ തേടി. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഒരുപാട് കാര്യങ്ങൾ ഇ ഡി ഉദ്യോഗസ്ഥർ ചോദിച്ചെന്ന് ലാലി വിൻസൻ്റ് പ്രതികരിച്ചു.
തനിക്ക് മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 4704500 രൂപയാണെന്ന് ലാലി വിൻസൻ്റ് പറഞ്ഞു. മൂന്ന് സ്ഥാപനങ്ങൾക്ക് കഴിഞ്ഞ മൂന്നു വർഷത്തെ സേവനത്തിന് വാങ്ങിയ ഫീസ് ആണിത്. കമ്പനി കേസുകളും വ്യക്തിപരമായ കേസുകളും വാദിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പണമല്ല ഇത്. മാസം ഒരു ലക്ഷം രൂപ റീ ടെയ്നർ ഫീ വാങ്ങിയിരുന്നു. സി എസ് ആർ ഫണ്ട് വരാതിരുന്നപ്പോൾ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. അനന്തു കൃഷ്ണൻ തന്റെ കക്ഷി ആയിരിക്കുന്നിടത്തോളം അയാളെ തള്ളി പറയില്ല. ഇഡി തന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്. തന്റെ സേവനത്തിനാണ് ഫീസ് വാങ്ങിയത്. എഗ്രിമെന്റ് തയ്യാറാക്കുന്നതിനും മറ്റുമാണ് ഫീസ് വാങ്ങിയത്. ഇത് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റുമെന്റുകളും മറ്റ് ചില രേഖകളും ഇഡിയ്ക്ക് കൈമാറി. അനന്തുകൃഷ്‌ണൻ തന്നെ പറ്റിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് സംഘത്തെയാണ് താൻ പ്രതീക്ഷിച്ചതെന്നും എന്നാൽ വന്നത് ഇഡിയാണെന്നും അവർ പറഞ്ഞു.