
കൊച്ചി : പാതിവില തട്ടിപ്പിൽ കിട്ടിയ പണം സ്വന്തം പേരിൽ സ്ഥാപനങ്ങളുണ്ടാക്കിയും അനന്തു കൃഷ്ണൻ മറിച്ചെന്ന് പൊലീസ് കണ്ടെത്തൽ. കൊച്ചി ആസ്ഥാനമായി രജിസ്റ്റർ ചെയ്ത 'സോഷ്യൽ ബീ' എന്ന സ്ഥാപനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അനന്ദു കൃഷ്ണന്റെയും രാധാകൃഷ്ണൻ എന്നയാളുടെയും പേരിലാണ് സ്ഥാപനം രൂപീകരിച്ചത്. പാതിവില തട്ടിപ്പിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ സോഷ്യൽ ബിയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് വിവരം. അനന്തുവിൻറെ അറസ്റ്റിന് പിന്നാലെ സോഷ്യൽ ബി ഓഫീസ് പൂട്ടിയ നിലയിലാണ്.
കോടികളുടെ പാതിവില തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി പരാതികൾ ഉയർന്നിട്ടും ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടില്ല. 60 കോടി രൂപയുടെ പരാതികളിലാണ് സംസ്ഥാനത്താകെ ഇതുവരെ എഫ്ഐആർ ഇട്ടത്. എന്നാൽ 19 അക്കൗണ്ട് വഴി 33,000 ത്തിൽ നിന്ന് പണം തട്ടിയെന്നാണ് കണ്ടെത്തിൽ. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുമെന്ന ധാരണയിൽ ജില്ലകൾ തോറുമുള്ള പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നുമാത്രമല്ല പല പരാതികളിലും കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറായില്ല.
1 കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പാണെങ്കിൽ ജില്ലാ ക്രൈം ബ്രാഞ്ചും 5 കോടിക്ക് മുകളിലാണെങ്കിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് സാമ്പത്തിക അന്വേഷണ വിഭാഗവും അന്വേഷണം നടത്തണമെന്നാണ് കീഴ്വഴക്കം. സംസ്ഥാനനത്താകെ 100 ഓളം എഫ്ഐആറും വന്നു. 14 ജില്ലകളിലും അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അനന്തുവിന്‍റെ 19 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 33,000 പേരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സ്കൂട്ടറും, തയ്യൽ മെഷീനും, ലാപ് ടോപ്പും രാസവളവുമടക്കം നൽകാനുള്ള വാഗ്ദാനമായിരുന്നു തട്ടിപ്പിനുപയോഗിച്ചത്.
തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ വമ്പൻമാരുടെ വലിയ നിരയുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വരെ അനന്തു കൃഷ്ണന്‍റെ ഇടപാടിനെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം. കുടുംബശ്രീ, പൊലീസ് അസോസിയേഷൻ, ജനപ്രധിനിധികളുടെതടക്കമുള്ള വിവിധ സഹായ പദ്ധതികൾ വരെ തട്ടിപ്പിന് ഉപയോഗിച്ചു. കോഴിക്കോട് പൊലീസ് അസോസിയേൻ വഴിയും, കണ്ണൂർ പൊലീസ് സഹകരണ സംഘം വഴിയും തയ്യൽ മെഷീനും ലാപ്ടോപ്പുമടക്കം പാതിവിലയ്ക്ക് അനന്തു നൽകിയിട്ടുണ്ട്. ഇടുക്കിയിലാണ് വൻ തട്ടിപ്പ് നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി വരെ ആരോപണപരിധിയിലാണ്.
പാതിവില തട്ടിപ്പിൽ എഫ്ഐആർ ഇട്ടിട്ട് ആഴ്ചകളായി. പല സ്റ്റേഷനുകളിലും ഇതിനോടകം പരാതികൾ കുന്നുപോലെയെത്തി. എന്നാൽ ഒന്നോ രണ്ടോ പരാതികളിൽ മാത്രം എഫ്ഐആർ ഇട്ട് പരാതിക്കാരെ മടക്കുകയാണ് പൊലീസ്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam