എസ്എഫ്ഐക്കാരെ കൈവിലങ്ങ് അണിയിച്ച സംഭവം ; മനുഷ്യാവകാശങ്ങളുടെ ലംഘനം: പി എസ് സഞ്ജീവ്

Published : Sep 11, 2026, 05:13 PM IST
Handcuffing SFI workers is a violation of human rights: P. S. Sanjeev

Synopsis

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്.

കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. കോളേജുകളിലും സ്കൂളുകളിലും പോളിടെക്നിക്കുകളിലും തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക ഘട്ടത്തിൽ എസ്എഫ്ഐ നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. കൈവിലങ്ങ് അണിയിച്ച് കോടതിയിൽ കൊണ്ടുപോകാൻ മാത്രം എന്ത് ഗുരുതരമായ കുറ്റമാണ് വിദ്യാർത്ഥി നേതാക്കൾ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥി സമരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണെന്നും, ഇതിൽ ഒരു പോലീസ് സംഘമാണ് കണ്ണൂരിൽ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിനു ശേഷമുള്ള നിയമപരമായ നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് പോലീസ് ഇടപെടുന്നത്. മനുഷ്യാവകാശങ്ങൾ പരസ്യമായി ലംഘിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പിൽ നേരിട്ട് ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ ജയിലിലാക്കാൻ ശ്രമിക്കുന്നത്. കേരള പോലീസ് കെഎസ്‌യുവിന്റെ നിലവാരത്തിലേക്ക് അധഃപതിക്കുകയാണെന്നും, പോലീസ് വേട്ട ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സഞ്ജീവ് മുന്നറിയിപ്പ് നൽകി. ജോയൽ തോമസുമായി പോകുന്ന പോലീസ് വാഹനത്തിന് നേരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യമായ ഊടുവഴികളിലൂടെയാണ് ജോയലിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്.

കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലാണ് മഫ്തിയിലെത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സംഘം ജോയൽ തോമസിനെ കോളേജ് ക്യാമ്പസിൽ കയറി കസ്റ്റഡിയിൽ എടുത്തത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാരോപിച്ചായിരുന്നു നടപടി.

പൊലീസിനെതിരെ വിമർശനവുമായി എം വി ജയരാജൻ

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് കൈവിലങ്ങ് അണിയിച്ച നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ . ലഹരിക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററെ പോലീസ് തോളിൽ കൈയിട്ട് ആദരിച്ച് കൊണ്ടുപോയവരാണ്, വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് നേരെ വിലങ്ങണിയിക്കുന്നത് എന്നദ്ദേഹം ആരോപിച്ചു.

ലഹരിക്കടത്തുകാർക്കും ക്രിമിനലുകൾക്കും പോലീസ് സംരക്ഷണം നൽകുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ക്രൂരമായ നടപടികളും കൈവിലങ്ങും ഉപയോഗിക്കുന്നു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമായ നടപടിയാണെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഡിജിപിയുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല; കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ
കുടുംബവഴക്കിനെത്തുടർന്ന് ക്രൂരത; ഭാര്യയേയും മൂന്ന് പെൺമക്കളെയും തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതിക്കായ് തിരച്ചിൽ