
എറണാകുളം: പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്ത് വന്നതു മുതൽ ഭീതിയിലുള്ള ജോസഫും കുടുംബാംഗങ്ങളും മാധ്യമങ്ങൾക്ക് മുമ്പിൽ വരാൻ തയ്യാറയില്ലെങ്കിലും കാര്യങ്ങൾ വിശദീകരിച്ചു. അതേസമയം, രണ്ട് ദിവസമായി പൊലീസ് വന്ന് കാര്യങ്ങൾ തിരക്കുന്നുണ്ടെന്നും കത്തിലെ കയ്യക്ഷരം അറിയാമെന്നും ജോസഫിന്റെ മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അത് തന്റെ അച്ഛൻ എഴുതിയ കത്തല്ല, എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല, അത് പൊലീസ് തന്നെ പറയട്ടെ. അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ്. അദ്ദേഹം ഒരു സീനിയര്‍ സിറ്റിസൺ ആണ്. നമുക്ക് മനസാ വാചാ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ആരോ കത്തിൽ എഴുതുമ്പോൾ അത് എല്ലാവരും വിശ്വസിക്കുകയാണ്.
ശത്രുതയുള്ളവര്‍ ഇഷ്ടംപോലെയുണ്ട്. തീര്‍ച്ചയായും ഇത് കണ്ടുപിടിക്കണം. ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയാം. പേര് പറയാൻ താൽപര്യമല്ല. അത് പൊലീസ് തന്നെ പറയണം. ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണ്. ഇയാൾക്ക് ശത്രുതയുള്ളയാളുകൾക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതി. ഇനി മാനസിക പ്രശ്നമാണോ എന്ന് അറിയില്ല.
കഴിഞ്ഞ ആഴ്ച അച്ഛനുമായി പ്രശ്നമുണ്ടായിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാൾ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചത്. പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ചെയ്യാത്ത കാര്യത്തിലുള്ള ആരോപണത്തിലുള്ള സങ്കടത്തിലാണ് അദ്ദേഹം. ചെയ്യാത്ത കാര്യമായതുകൊണ്ട് ഞങ്ങൾക്ക് പേടിയില്ല. എന്തായാലും കുടുംബം ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തില്‍ ജോസഫ് ജോണി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസുകാർ അന്വേഷിച്ച് എത്തിയിരുന്നു. തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട്. മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണ്, സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ടെന്നും ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോണി നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇൻ്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam