
പാലക്കാട്: പാലക്കാട് തൃത്താലയിലെ പാലത്തറ - കൊടുമുണ്ട റോഡ് നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. റോഡ് ഉദ്ഘാടന സമയത്ത് മന്ത്രി എംബി രാജേഷ് അഭിനന്ദിച്ച ഹാർബർ എൻജിനീയറിങ് ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയറായിരുന്ന പിഎം അബ്ദുൽ സലീമിനാണ് സസ്പെൻഷൻ. നിർമ്മാണത്തിൽ ഒരു ക്രമക്കേടുമില്ലെന്ന മന്ത്രിയുടെ ന്യായീകരണം തളളിയാണ് ഹാർബർ വകുപ്പിന്റെ നീക്കം.
തൃത്താല പരുതൂർ പഞ്ചായത്തിലെ പാലത്തറ കൊടുമുണ്ട റോഡ് 5 കിലോ മീറ്റര്‍ റോഡില്‍ മൂന്നു കിലോമീറ്ററിലാണ് തീരദേശവികസന ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി. ഹാര്‍ബര്‍ വകുപ്പിന്‍റെ ഒരു കോടി രൂപയും ജലജീവന്‍ മിഷന്‍റെ ഒന്നരക്കോടിയും ഉപയോഗിച്ചായിരുന്നു നിർമാണ പ്രവൃത്തി. നിർമാണം പൂർത്തിയായി രണ്ടുമാസത്തിനകം വിള്ളൽ വീണതോടെ ഗതാഗത യോഗ്യമല്ലാതായി.
30 സെന്റിമീറ്റർ കനം വേണ്ടിടത്ത് പകുതി കനം മാത്രം, സാങ്കേതിക അനുമതിയില്‍ നിര്‍ദേശിച്ച പകുതി പണി പോലും പൂര്‍ത്തിയാക്കാതെ കരാറുകാരനു തുക അനുവദിച്ചു, ഒരുകോടി 53 ലക്ഷത്തിന്‍റെ പദ്ധതി ഒരുകോടിയെന്നും 53 ലക്ഷമെന്നും രണ്ടു പദ്ധതികളാക്ക മാറ്റി അനുമതി നൽകി, ഒരു കോടിയുടെ പ്രൊജക്‌ട് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കി- റോഡിലെ വിള്ളൽ വീണ ശേഷം ധനകാര്യ വകുപ്പ് ചീഫ് ടെക്‌നികൽ എക്സാമിനർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളാണിത്.
ഹാർബർ എൻജിനീയറിങ് ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയറായിരുന്ന പിഎം അബ്ദുൽ സലീമിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണ പ്രവൃത്തികൾ. റോഡ് നിർമ്മാണം ഗംഭീരമാക്കിയതിനു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എംബി രാജേഷ് ഈ ഉദ്യോഗസ്ഥനെ അനുമോദിച്ചിരുന്നു. റോഡിലെ വിള്ളൽ രൂപപ്പെട്ടതിന് പിന്നാലെ സ്ഥലം സന്ദർശിച്ച മന്ത്രി ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയും ചെയ്തു. എന്നാൽ ധനകാര്യ വകുപ്പിൻ്റെ റിപ്പോർട്ടും പൊന്നാനി എംഎൽഎ പി.നന്ദകുമാർ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കടുത്ത നപടിയിലേക്ക് സർക്കാർ നീങ്ങിയത്. അന്വേഷണത്തിന് ഒടുവിൽ പിഎം അബ്ദുൽ സലീമിനെ സസ്പെന്റ് ചെയ്തു. ഒരു കോടി രൂപ കരാറുകാരനിൽ നിന്നു തിരിച്ചു പിടിക്കാനും ഹാർബർ വകുപ്പ് നീക്കം ആരംഭിച്ചു.