
ദില്ലി: വിവാദമായ ഹരിഹരവർമ്മ കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഹർജി തള്ളി സുപ്രീം കോടതി. ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതിയായ ജിതേഷിന്റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കൊലപാതകത്തിലും മോഷണത്തിലും തനിക്ക് നേരിട്ട് പങ്കില്ലെന്നും അതിനാൽ ശിക്ഷയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നുമായിരുന്നു ജിതേഷിന്റെ ഹർജി. ഹർജി ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
കൊലപാതകം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് താൻ എത്തിയിട്ടില്ലെന്നും അതിനാൽ തനിക്ക് എതിരെ മോഷണം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത് നിലനിൽക്കില്ലെന്നും ജിതേഷിനായി അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു. എന്നാൽ ഇത് തത്ത്വത്തിൽ കോടതി അംഗീകരിച്ചെങ്കിലും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു. എന്നാൽ ഗൂഢാലോചന കൊലപാതകത്തിന് വേണ്ടിയുള്ളതല്ലെന്ന വാദം അഭിഭാഷകൻ മുന്നോട്ട് വച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇതോടെയാണ് ഹർജി കോടതി തള്ളിയത്.
ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ ? മറുപടി പറഞ്ഞ് മോഹൻലാൽ, ബിബി 5 പ്രമോ
കേസിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി 2020ലാണ് ശരിവെച്ചത്. അഞ്ചാം പ്രതി ജോസഫിനെ വെറുതെവിട്ടു. ആറാം പ്രതി ഹരിദാസിനെ കീഴ്ക്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്തുളള ഹർജിയും ഹൈക്കോടതി തളളിയിരുന്നു. തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖിൽ, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരായിരുന്നു ആദ്യ നാല് പ്രതികൾ.
തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം സുഹൃത്തിന്റെ വീട്ടിൽ വച്ച് 2012 ഡിസംബർ 24ന് രാവിലെയാണ് ഹരിഹരവർമ്മ കൊല്ലപ്പെടുന്നത്. രത്നവ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നും വിശ്വസിപ്പിച്ച് ഇയാൾ കാണിച്ച രത്നങ്ങൾ വാങ്ങാനെത്തിയവരാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രത്നങ്ങൾ വാങ്ങാനെത്തിയവർ വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഹരിഹര വർമ്മയെ ക്ലോറോഫോം മണപ്പിച്ച് ശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ക്ലോറോഫോം അധികമായതിനാലാണ് വർമ്മ മരിച്ചത്. എന്നാൽ കൊല്ലപ്പെട്ട് ഹരിഹരവർമ്മയെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.