വിസ്‍മയയുടെ മരണം; ഐജി ഹര്‍ഷിത അത്തല്ലൂരി കേസ് അന്വേഷിക്കും, നാളെ കൊല്ലത്തെത്തും

By Web TeamFirst Published Jun 22, 2021, 1:17 PM IST
Highlights

കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.  
 

കൊല്ലം: നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഐജി നാളെ കൊല്ലത്തെത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.  

അതേസമയം വിസ്‍മയുടെ ഭര്‍ത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിസ്മയ മരിക്കുന്നതിന് തലേദിവസം മർദ്ദിച്ചിട്ടില്ലെന്നാണ് കിരണിന്‍റെ മൊഴി. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നും കിരൺ പറഞ്ഞു.

തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.

click me!