
കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനം. പ്രസവം വേണമോ എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും വിധിയില്‍ പറയുന്നു. അഞ്ച് മാസം മുമ്പ് പെണ്‍കുട്ടിയെ കാണാതാകുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നീട് മംഗലാപുരത്ത് നിന്ന് ഇരുപത്തിയെട്ടുകാരനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി 24 ആഴ്ച ഗര്‍ഭിണിയായിരുന്നു. ചെറുപ്പക്കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഭ്രൂണം നശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി തേടുകയായിരുന്നു. കേസിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് അന്ന് തന്നെ കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
ഭ്രൂണത്തിന് 20 ആഴ്ചയില്‍ താഴെ പ്രായമുണ്ടെങ്കില്‍ മാത്രമേ നിയമപരമായി ഗര്‍ഭഛിദ്രം നടത്താന്‍ കഴിയൂ. എന്നാല്‍ ഭ്രൂണത്തിന് 24 ആഴ്ച പ്രായമുണ്ടെങ്കിലും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉപദേശം നല്‍കി. ഒരു അമ്മയാകാനുള്ള പക്വത പെണ്‍കുട്ടിക്കില്ല. ശാരാരികമായും മാനസികമായും പെണ്‍കുട്ടിക്ക് നിരവധി പ്രശ്‌നങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കും.
കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിധിക്ക് മുമ്പ് വിശദമായ വിലയിരുത്തലിനായി ജസ്റ്റിസ് കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കല്‍ ബോര്‍ഡ് അംഗമായ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ അംബുജവുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തി. തുടര്‍ന്നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഗര്‍ഭഛിദ്രത്തിന് 20 ആഴ്ചയെ നിയമം അനുശാസിക്കുന്നുള്ളൂ എങ്കിലും പെണ്‍കുട്ടിയുടെ ജീവിതം അപകടത്തിലാകുമെന്ന് കണ്ടാല്‍ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്ന് വിധിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശവും കണക്കിലെടുക്കുയാണെന്ന് ഹൈക്കോടതി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam