അനധികൃത സ്വത്ത്: ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published May 29, 2020, 1:18 PM IST
Highlights

ജേക്കബ് തോമസ് തമിഴ് നാട്ടിലെ രാജപാളയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

കൊച്ചി: സര്‍വീസില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജേക്കബ് തോമസിന് കുരുക്ക്.  ജേക്കബ് തോമസിന് എതിരായ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിന് എതിരെ വിജിലന്‍സ് റജീസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലന്‍സ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. 

ജേക്കബ് തോമസിനെതിരായ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ജസ്റ്റിസ് വി.ഷേര്‍സി ചൂണ്ടിക്കാട്ടി. വിജിലന്‍സിന് അന്വേഷണം തുടരാം. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. ജേക്കബ് തോമസിന്‍റെ പേരിലാണ് രാജപാളയത്തെ ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. 

കേസിന്‍റെ അന്വേഷണപുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുക.

നേരത്തെ സർക്കാർ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്. ഈ മാസം 31  ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്. 

സർക്കാർ അനുമതിയില്ലാതെ ഔദ്യോഗിക രഹസ്യങ്ങള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്കകത്തിലൂടെ ജേക്കബ് തോമസ് പുറത്തുവിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. സിവിൽ സർവ്വീസ് ചട്ട ലംഘനം നടത്തിയെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. 

click me!