സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ: ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Jul 25, 2022, 9:35 AM IST
Highlights

റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമ‍ർശനം ഉന്നയിച്ചിരുന്നു.

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേശീയ പാതാ റോഡുകളും സംസ്ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമ‍ർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ  കുഴിയടക്കണമെങ്കിൽ - കെ റോഡ് –എന്ന് പേരിടണോയെന്ന്  ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഹസിക്കുകയും ചെയ്തിരുന്നു. സംസ്ഥാന റോ‍ഡുകൾ നന്നാക്കാൻ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സർക്കാർ മറുപടി നൽകിയിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികളും സർക്കാർ ഇന്ന് അറിയിക്കും. 

നിർമാണം നടത്തി ആറുമാസത്തിനകം റോഡ് പൊട്ടിപ്പൊളിഞ്ഞാൽ വിജിലൻസ് കേസെടുക്കുകയാണ് വേണ്ടതെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കൊച്ചി കോര്‍പറേഷൻ പരിധിയിലേതടക്കം നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.  

നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാൽ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണം.  വിജിലന്‍സ് അന്വേഷിക്കണം. ഒരു വര്‍ഷത്തിനുളളിൽ വകുപ്പുതല  ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. ഉത്തരവാദികളായവർക്കെതിരെ  നിയമപരമായ നടപടിയുണ്ടാകണം. റോഡ് അറ്റകുറ്റപ്പണിക്കുളള പണം ഇപ്പോൾ വകമാറ്റുകയാണ്. ഇത് ശരിയല്ല.  അപകടങ്ങൾ ദിവസംതോറും കൂടിവരുന്നു. ഇതിങ്ങനെ അനുവദിക്കാനാകില്ല. 

പലതവണ റോഡുകളുടെ അറ്റകുറ്റപണി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ റോഡ് എന്ന് പേര് മാറ്റിയാലേ അറ്റകുറ്റപ്പണി നടത്തൂ എന്നാണോ സർക്കാർ നിലപാടെന്നും കോടതി പരിഹാസത്തോടെ ചോദിച്ചു.  എന്‍ജിനിയര്‍മാർ കാറിൽ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോള്‍ മാത്രമേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികൾ പോലും  കാണാൻ പറ്റാത്ത നിലയിലാണ്. .

കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുന്പോഴും റോഡ് നന്നാക്കാന്‍ നടപടിയില്ല.  എന്നാൽ സംസ്ഥാന റോ‍ഡുകൾ നന്നാക്കാൻ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സർക്കാർ മറുപടി നൽകി.  

click me!