
മാന്നാർ: 26ന് ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ പരുമല ദേവസ്വം പമ്പാ കോളേജ് വിദ്യാര്‍ത്ഥിയും. പമ്പാ കോളേജിലെ എൻ സി സി കേഡറ്റും രണ്ടാംവർഷ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയുമായ സജേഷ് കൃഷ്ണയാണ് അവസരം സ്വന്തമാക്കിയത്. 3 കേരള നേവൽ യൂണിറ്റ് എൻസിസിയുടെ കീഴിലുള്ള പമ്പാ കോളേജ് സബ് യൂണിറ്റിലെ കേഡറ്റായ സജേഷ് കൃഷ്ണ വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത് മികവ് തെളിയിച്ച ശേഷമാണ് ദില്ലിയിൽ നടക്കുന്ന ആർ.ഡി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്ന പ്രത്യേക പരിശീലനത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് സജേഷ് കൃഷ്ണ ദില്ലിയിൽ എത്തിയത്. റിപ്പബ്ലിക് ദിന പരേഡിൽ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്ത് 272 പേരാണ് പങ്കെടുക്കുന്നത്. അതിൽ ഒരാളാകാൻ കഴിഞ്ഞ സജേഷ് കൃഷണയെ പരുമല പമ്പാകോളേജ് പ്രിൻസിപ്പൽ ഡോ. എൻ അഭിലാഷ്, 3 കേരള നേവൽ യൂണിറ്റ് എൻ സി സി കമാന്റിംഗ് ഓഫീസർ ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ഡോ. രതീഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.
അടുത്തമാസം ആദ്യം ദില്ലിയിൽ നിന്നും തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്ത് രാജ്ഭവനിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലും പങ്കെടുക്കാൻ സജേഷിന് അവസരം ലഭിക്കും. മാവേലിക്കര വള്ളികുന്നം ശ്രീ ഭവനത്തിൽ ശ്രീകുമാറിന്റെയും മഞ്ജുവിന്റെയും മകനാണ് സജേഷ് കൃഷ്ണ. സ്വാതി കൃഷ്ണ സഹോദരി ആണ്.
അതേസമയം, റുപത്തിയെട്ടാമത് റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ ദില്ലിയിലെ കർത്തവ്യപഥിൽ പുരോഗമിക്കുകയാണ്. സൈനിക ശക്തിയുടെ ഭാഗമായി മിസൈൽ ലോഞ്ചർ മുതൽ യുദ്ധടാങ്കുകൾ വരെ പരേഡിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കരസേന. ചിട്ടയോടെയും അച്ചടക്കത്തോടെയുള്ള പരേഡ് മാത്രമല്ല, ഇന്ത്യൻ സൈന്യം സ്വായത്തമാക്കുന്ന സംവിധാനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള അവസരം കൂടിയാണ് ഒരോ റിപ്പബ്ലിക് ദിനവും. മൂന്ന് സേനകളും പുതുമയുള്ള കാഴ്ചകളുമായാണ് പഴയ രാജ് പഥ് ആയ കർത്തവ്യപഥിലേക്ക് എത്തുന്നത്.
ഇക്കുറി ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി എത്തിച്ചു കഴിഞ്ഞു. യുദ്ധഭൂമിയിലൂടെ ശത്രുവിന്റെ പാളയത്തിൽ കടന്നു കയറി നാശം വിതയ്ക്കുന്ന ടി90 ഭീഷ്മ ടാങ്ക്, നാഗ് മിസൈൽ സംവിധാനം, പിനാക മൾട്ടിപ്പിൾ ലോഞ്ചർ തുടങ്ങി അത്യാധുനിക കവച വാഹന സംവിധാനം വരെ പരേഡിൽ അണിനിരക്കും.
Republic Day 2024: ബി.ആർ അംബേദ്ക്കർ; ഇന്ത്യന്‍ റിപ്പബ്ലിക് ഏറ്റവും കടപ്പെട്ടിരിക്കുന്ന മനുഷ്യന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam