ഓസ്ട്രേലിയയില്‍ നിന്നുള്ള നിപ പ്രതിരോധ മരുന്ന് കൊച്ചിയിലെത്തി

By Web TeamFirst Published Jun 5, 2019, 11:05 AM IST
Highlights

നിപ ബാധിതനായ യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. പനി കുറഞ്ഞതായും  സംസാരിച്ചു തുടങ്ങിയതായും ആശുപത്രി വൃത്തങ്ങള്‍. തൃശ്ശൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പനി ബാധിച്ച മൂന്ന് പേരില്‍ രണ്ട് പേര്‍ക്കും പനി മാറി.

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നിപ വൈറസ് ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കടുത്ത തലവേദനയും പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പനിയുടെ തീവ്രത കുറഞ്ഞതായും യുവാവ് സംസാരിച്ച് തുടങ്ങിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തൃശ്ശൂരില്‍ നിരീക്ഷണത്തിലുള്ള 27 പേരില്‍ മൂന്ന് പേര്‍ക്ക് പനി പിടിച്ചെന്ന് ഇന്നലെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  ഇവരില്‍ രണ്ട് പേര്‍ക്ക് പനി ഭേദമായെന്ന ആശ്വാസവാര്‍ത്തയും ഇന്നെത്തിയിട്ടുണ്ട്. അതേസമയം നിപ രോഗത്തിന് നല്‍കുന്ന പ്രതിരോധ മരുന്ന് കൊച്ചിയിലെത്തി. ഓസ്ട്രേലിയയില്‍ നിന്നും എത്തിച്ച മോണോക്‌ലോൺ ആന്റിബോഡി എന്ന മരുന്നാണ് പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

നിപരോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു.  ഇവരുടെ സാംപിളുകള്‍ പൂണെയിലേക്കും മണിപ്പാലിലേക്കും ആലപ്പുഴയിലേക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെയോ മറ്റന്നാളോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ് ആയിരിക്കും എന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. 

കളമശ്ശേരി ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരില്‍ മൂന്ന് പേര്‍ വിദ്യാര്‍ത്ഥിയെ നേരത്തെ പരിചരിച്ച നഴ്സുമാരാണ്. ഒരാള്‍ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ്. നിരീക്ഷണത്തിലുള്ള അഞ്ചാമന് രോഗിയുമായി നേരിട്ട് ബന്ധമില്ല. ചാലക്കുടി സ്വദേശിയായ ഇയാള്‍ രോഗലക്ഷണം  ഉണ്ടെന്ന് പറഞ്ഞ് നേരിട്ട് കളമശ്ശേരി ആശുപത്രിയിലെത്തുകയായിരുന്നു. ഇതോടെ ഇയാളേയും ഡോക്ടര്‍മാര്‍ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. 

തൊടുപുഴയില്‍ വിദ്യാര്‍ത്ഥി പഠിച്ചിരുന്ന  കോളേജില്‍ നിന്നും പന്നിക്ക് ആവശ്യമായ തീറ്റ ശേഖരിക്കാന്‍ നിര്‍ത്തിയിരുന്ന ഒഡീഷ സ്വദേശിയായ തൊഴിലാളി കടുത്ത പനിയും തലവേദനയുമായി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇയാളെ നിരീക്ഷണത്തില്‍ നിര്‍ത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ആവശ്യമെങ്കില്‍ ഇയാളേയും ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. 
 

click me!