ഈദ് ഗാഹുകളിൽ മതതീവ്രവാദത്തിനെതിര പണ്ഡിതർ; നിപ പ്രതിരോധത്തിനും ആഹ്വാനം

By Web TeamFirst Published Jun 5, 2019, 9:45 AM IST
Highlights

പതിനായിരക്കണക്കിന് വിശ്വാസികൾ ഈദ് ഗാഹുകളിൽ പ്രാർത്ഥനയ്ക്കെത്തി. സാമൂഹ്യ വിപത്തുകള്‍ക്കും തിന്‍മകള്‍ക്കും എതിരായി നിലകൊള്ളണമെന്ന സന്ദേശമാണ് പെരുന്നാള്‍ ദിനത്തില്‍ നമസ്കാരത്തിന് ശേഷം പണ്ഡിതര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ പള്ളികളിൽ ഈദ് നമസ്കാരം നടന്നു. സാമൂഹ്യ വിപത്തുകള്‍ക്കും തിന്‍മകള്‍ക്കും എതിരായി നിലകൊള്ളണമെന്ന സന്ദേശമാണ് പെരുന്നാള്‍ ദിനത്തില്‍ നമസ്കാരത്തിന് ശേഷം പണ്ഡിതര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിന് ഇമാം വിപി ഷുഹൈബ് മൗലവി നേതൃത്വം നൽകി. ശ്രീലങ്കയിൽ ആക്രമണം നടത്തിയത് ചെകുത്താൻമാരാണെന്നും ചില യുവാക്കളുടെ പ്രവൃത്തി സമുദായത്തിനാകെ ദുഷ്പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മത വിഭാഗത്തോടുള്ള  എതിർപ്പ് ആ ജനവിഭാഗത്തോട് നീതി കാട്ടുന്നതിന് തടസമാകരുത്. ലോക സമാധാനം തിരിച്ചു കൊണ്ടുവരാനാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്.

പവിത്രമായ വിശ്വാസത്തെ  ചിലർ അജണ്ടകൾക്കായി വികലമാക്കുന്നുവെന്ന് പാളയം ഇമാം പറഞ്ഞു. ചാവേറുകളായാൽ സ്വർഗ്ഗരാജ്യം കിട്ടുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇവർ ഖുർആനിനെക്കുറിച്ച് അറിവില്ലാത്തവരാണെന്നും ചാവേറുകൾക്ക് നരകം മാത്രമെ ലഭിക്കൂവെന്നും വി പി ഷുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകളോടും കുട്ടികളോടും പോലും അതിക്രമം കാട്ടുന്നവർ പ്രവാചകനെക്കുറിച്ച് അറിവില്ലാത്തവരാണ്. എല്ലാ മതങ്ങളിലും തീവ്ര നിലപാടുകളിലേക്ക് നീങ്ങുന്ന പ്രവണതയുണ്ട്.  തീവ്രദേശീയതയും അതുപോലെ തന്നെ എതിർക്കപ്പെടേണ്ടതാണെന്നും ഉന്മാദ ദേശീയതയിൽ ഊന്നിയുള്ള പ്രത്യയശാസ്ത്രം ലോകത്ത് എവിടെയൊക്കെ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നാശമാണ് ഉണ്ടായതെന്നും ഷുഹൈബ് മൈലവി ഓർമ്മിപ്പിച്ചു.

കോഴിക്കോട് നഗരത്തില്‍ ഇത്തവണ സംയുക്ത ഈദ്ഗാഹ് ഉണ്ടായിരുന്നില്ല. പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു നമസ്കാരം. മൊയ്തീന്‍ പള്ളിയില്‍ പെരുന്നാള്‍ നമസ്കാരത്തിന് കെഎന്‍എം വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ നേതൃത്ത്വം നല്‍കി. മര്‍ക്കസ് മസ്ജിദിലെ പ്രാര്‍ത്ഥന കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ മകന്‍ ഡോക്ടര്‍ അബ്ദുള്‍ ഹക്കീം അല്‍ കാന്തിയുടെ നേതൃത്വത്തിലായിരുന്നു. നിപ ഭീഷണി സാഹചര്യത്തിൽ വിശ്വാസികൾ ശുചിത്വം ഉറപ്പാക്കണമെന്നും സംസ്ഥാനത്ത് പകർച്ച വ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗ മുക്തിക്കായി വിശ്വാസികൾ മനമുരുകി പ്രാർത്ഥിക്കണം ഡോ. അബ്ദുൾ ഹക്കീം അൽ കാന്തി പെരുന്നാൾ പ്രസംഗത്തിൽ പറഞ്ഞു. കൊച്ചിയിലെ വിവിധ പള്ളികളിൽ നടന്ന ഈദ്ഗാഹുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കടവന്ത്ര സലഫി ജുമാ മസ്ജിദിൽ നടന്ന ഈദ് നമസ്കാരത്തിൽ നടൻ മമ്മൂട്ടി അടക്കമുള്ളവർ പങ്കെടുത്തു. 

click me!