പൗരന്മാരുടെ വിവരശേഖരണം; മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു, 15 ചോദ്യങ്ങളുമായി ചെന്നിത്തല

By Web TeamFirst Published Apr 12, 2020, 5:11 PM IST
Highlights

ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗഌറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെക്കാൻ ശ്രമിക്കുകയായണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗഌറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെക്കാൻ ശ്രമിക്കുകയായണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിഷത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരൂഹത വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച 15 ചോദ്യങ്ങൾ ചെന്നിത്തല ഉന്നയിച്ചു. 

1. ഈ കമ്പനി പി.ആര്‍.കമ്പനി അല്ലെന്നാണ് മുഖ്യമന്ത്രി പണറായി വിജയന്‍ പറയുന്നത്. എന്നാല്‍ ഈ കമ്പനി പി.ആര്‍ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ഏതാണ് ശരി?

2. സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് അമേരിക്കയിലുള്ള കമ്പനി സെര്‍വറിലാണെന്നാണ് കമ്പനിയുടെ സൈറ്റില്‍ പറയുന്നത്. ഏതാണ് ശരി?

3. ഇനി സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിച്ചാലും അമേരിക്കയിലിരുന്നു അതിലെ വിവരങ്ങള്‍ കൈകാര്യം  ചെയ്യാന്‍ കഴിയില്ലേ ?

4. സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക് എന്തു കൊണ്ട് അപ് ലോഡ് ചെയ്യുന്നില്ല? പകരം അമേരിക്കന്‍ കമ്പനിയുടെ വെബ്‌പോര്‍ട്ടലായ sprinklr.com ല്‍  നേരിട്ട് അപ് ലോഡ് ചെയ്യുന്നത് എന്തിനാണ്?  ആരാണ് അതിന് അനുമതി നല്‍കിയത്.

5. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സിഡിറ്റിനോ ഐ.ടി മിഷനോ ചെയ്യാന്‍ കഴിയുന്ന ജോലി അമേരിക്കന്‍ കമ്പനിയെ ഏല്പിച്ചത് എന്തിനാണ്?

6.  സംസ്ഥാനത്തെ പൗരന്മാരുടെ വ്യക്തഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ വെബ്‌പോര്‍ട്ടലിലേക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തന്നെ അപ് ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമല്ലേ? സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് പണയപ്പെടുത്തതല്ലേ ഇത്?

7.  ശേഖരിക്കുന്ന ഈ വിവരങ്ങള്‍ കമ്പനി മറിച്ചു വില്‍ക്കുകയില്ലെന്ന് എന്ത് ഉറപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കാന്‍ കഴിയുക?

8. കമ്പനിയുടെ വെബ്‌സൈറ്റില്‍ അവര്‍ തന്നെ പറയുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ വില്‍ക്കുകയോ ചെയ്യുമെന്നാണ്. അപ്പോള്‍ നമ്മുടെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവും?

9.ലോകാരോഗ്യ സംഘടനയും ഇവരുടെ സേവനം ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇവര്‍ കൈമാറന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമോ? രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അവിടെ കൈമാറുന്നില്ല എന്നിരിക്കെ മുഖ്യമന്ത്രി എന്തിനാണ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയത്?

10. അതീവ ഗൗരവമുള്ള ഈ വിവര ശേഖരണത്തിന് സ്പിംഗളറെ ചുമതലപ്പെടുത്തുന്നതിന് മുന്‍പ് നിയമാനുസൃതമുള്ള  നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ? അതിനായി ഗ്‌ളോബല്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ?

11.  ഈ കമ്പനിയുമായി കരാര്‍ ഒപ്പു വച്ചിട്ടുണ്ടോ? എങ്കില്‍ എന്നാണ് ഒപ്പു വച്ചത്?  ഇന്ത്യന്‍ പൗരനുമായാണോ കരാര്‍ ഒപ്പു വച്ചത്?

12. സംസ്ഥാന സര്‍ക്കാരിന്റെ എംബ്‌ളം ഉപോയഗിക്കാന്‍ ഈ അമേരിക്കന്‍ കമ്പനിയെ ആരാണ് അനുവദിച്ചത്?

13. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡാറ്റാ കൈമാറ്റം സംബന്ധിച്ച് വിവാദത്തിലായ കമ്പനിയാണിതെന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയാത്തതാണോ?

14.ഈ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സംസ്ഥാന ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരന് അനുമതി നല്‍കിയിട്ടുണ്ടോ?

15. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തില്‍ ഉള്‍പ്പെട്ട ഈ കമ്പനിക്ക് കോവിഡിന്റെ മറവില്‍ കേരളത്തില്‍ കടന്നു കയറി വിവരങ്ങള്‍  ശേഖരിക്കാന്‍ അനുമതി നല്‍കിയതിലെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് മുഖ്യമന്ത്രി  വെളിപ്പെടുത്താമോ?

Read Also: കൊവിഡ് രോഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്'; ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

 

click me!