ആരോഗ്യവകുപ്പ് കൊവിഡ് ജാഗ്രതാ നിര്‍ദേശം: നിശ്ചിത വിഭാഗത്തിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം, ചികിത്സ ഉറപ്പാക്കും

Published : Apr 01, 2023, 10:20 PM IST
ആരോഗ്യവകുപ്പ് കൊവിഡ് ജാഗ്രതാ നിര്‍ദേശം: നിശ്ചിത വിഭാഗത്തിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം, ചികിത്സ ഉറപ്പാക്കും

Synopsis

 സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം.

ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

1. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.

2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് ഇന്‍ഫ്‌ളുവന്‍സാ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.

3. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്.

5. ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തേണ്ടതാണ്.

6. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.

7. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കോവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കോവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

8. കൊവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.

9. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

10. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍
ഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി; 'ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്, ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം'