കൂടുതല്‍ നഴ്സുമാരെയും ഡോക്ടര്‍മാരെയും തേടി ആരോഗ്യവകുപ്പ്; കൊവിഡ് ബ്രിഗേഡില്‍ അംഗങ്ങളാകാന്‍ അഭ്യര്‍ത്ഥന

By Web TeamFirst Published May 7, 2021, 6:49 PM IST
Highlights

ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് കൊവിഡ് ബ്രിഗേഡിലുള്ളത്. ഇതുവരെ 59,626 പേരാണ് കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൊവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിവരുന്നു. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അധികമായി കിടക്കകള്‍ സജ്ജമാക്കി വരികയാണ്. മാത്രമല്ല കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡിസിസി, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തുന്നത്. കൂടുതല്‍ എംബിബിഎസ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ആവശ്യമാണ്.

നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാല്‍ മരണ നിരക്ക് കൂടുമെന്നാണ് ലോകത്തിന്റെ അനുഭവ പാഠം. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയത്. രണ്ടാം തരംഗത്തിനെ ഫലപ്രദമായി നേരിടാനാണ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തുന്നത്.

ആരോഗ്യ രംഗത്തും മറ്റു മേഖലയിലുമുള്ള സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് കൊവിഡ് ബ്രിഗേഡിലുള്ളത്. ഇതുവരെ 59,626 പേരാണ് കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായി മാറാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഡെന്റല്‍, ഹോമിയോ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ., എംഎസ്സി, എംഎച്ച്എ ബിരുദധാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും കൊവിഡ് ബ്രിഗേഡ് എന്ന ഈ സാമൂഹ്യ സേനയില്‍ ചേരാവുന്നതാണ്. അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ പേര്‍ കൊവിഡ് ബ്രിഗേഡില്‍ അണിചേരേണ്ടതാണ്. കൊവിഡ് ബ്രിഗേഡില്‍ ചേരാന്‍ https://covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.

click me!